ഖത്തറിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
ദോഹ: ഖത്തറിൽ ചൊവ്വാഴ്ച മുതൽ ചാറ്റൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ച മുതൽ വാരാന്ത്യം വരെ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ ഇടവിട്ടുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.
ഈ ദിവസങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമോ പൂർണ്ണമായി മേഘാവൃതമോ ആയിരിക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ വകുപ്പ് കടൽ യാത്രികർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏപ്രിൽ 20 തിങ്കളാഴ്ച മുതൽ സമുദ്ര മുന്നറിയിപ്പ് പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. കടലിൽ തിരമാലകൾ 4 മുതൽ 7 അടി വരെ ഉയരാൻ സാധ്യതയുണ്ടെന്നും ചില സമയങ്ങളിൽ ഇത് 11 അടി വരെ ഉയർന്നേക്കാമെന്നും അധികൃതർ വ്യക്തമാക്കി. തിങ്കളാഴ്ച മുതൽ ഈ ആഴ്ചാവസാനം വരെ രാജ്യത്ത് വടക്കുകിഴക്കൻ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും ഖത്തർ കാലാവസ്ഥ വകുപ്പ് അറിയിച്ചു.
.jpg)

