റിയാദില്‍ മഴ ; പല ഭാഗത്തും ശക്തമായ മഴ


സൗദി തലസ്ഥാന നഗരമായ റിയാദില്‍ ഇന്നലെ ശക്തമായ മഴ പെയ്തു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞത് മുതല്‍ ആകാശം മൂടിക്കെട്ടിയിരുന്നെങ്കിലും മഴ പെയ്ത് തുടങ്ങിയത് വൈകീട്ട് ആറോടെയാണ്.
നഗരത്തിന്റെ ചില ഭാഗങ്ങളില്‍ കോരിച്ചൊരിയുന്നത് പോലെയാണ് മഴ പെയ്തിറങ്ങിയത്. ചിലഭാഗങ്ങളില്‍ അതിശക്തമായ കാറ്റുവീശി. ഇടിമിന്നലുമുണ്ടായി. മഴ പെയ്തതോടെ അന്തരീക്ഷത്തിന് തണുപ്പും കൂടിയിട്ടുണ്ട്.
നഗരത്തിന്റെ വടക്കുഭാഗത്ത് റോഡുകളില്‍ വെള്ളക്കെട്ടുകളുണ്ടായി. കാറുകള്‍ പോലുള്ള ചെറിയ വാഹനങ്ങളുടെ ടയറുകള്‍ മുങ്ങിപ്പോകും വിധം പലയിടങ്ങളിലും റോഡുകളില്‍ വെള്ളം നിറഞ്ഞു. ഗതാഗതത്തിന് നേരിയ തടസ്സം അനുഭവപ്പെട്ടു. തണുപ്പിലേക്ക് രാജ്യത്തിന്റെ കാലാവസ്ഥ മാറുന്നതിന്റെ സൂചനയായി ഒരാഴ്ചയില്‍ കൂടുതലായി പല ഭാഗങ്ങളിലും വ്യാപകമായ മഴ പെയ്യുന്നുണ്ടെങ്കിലും റിയാദില്‍ നല്ല മഴയുണ്ടായത് വ്യാഴാഴ്ചയാണ്.