റഹീമിന്റെ മോചനം നീളും :ഒമ്പതാം തവണയും മാറ്റിവെച്ചു, അടുത്ത സിറ്റിങ് മാർച്ച് 18ന്


റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 19 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിെൻറ മോചനകാര്യത്തിൽ ഇന്നത്തെ കോടതി സിറ്റിങ്ങിലും തീരുമാനമായില്ല. കോടതി റിയാദ് ഗവർണറേറ്റിനോട് ആഭ്യന്തര മന്ത്രാലയത്തിൽനിന്ന് കേസ് ഫയലിന്റെ ഹാർഡ് കോപ്പി ആവശ്യപ്പെട്ടിരിക്കുകയാണ്. അത് ലഭ്യമാക്കിയശേഷമായിരിക്കും അടുത്ത സിറ്റിങ്. കേസ് നീളുന്നതുമായി ബന്ധപ്പെട്ട് റഹീമിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം ഗവർണറെ കണ്ടിരുന്നു. അടുത്ത സിറ്റിങ് മാർച്ച് 18 രാവിലെ 11നാണ്.
. ഒമ്പതാം തവണയാണ് റിയാദിലെ ക്രിമിനൽ കോടതി കേസ് മാറ്റിവെക്കുന്നത്. തിങ്കളാഴ്ച രാവിലെ 10ന് തുടങ്ങിയ ഓൺലൈൻ സിറ്റിങ് ഒരു മണിക്കൂറിലേറെ നീണ്ടു. പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തു.
ഫെബ്രുവരി 13നായിരുന്നു കഴിഞ്ഞ സിറ്റിങ്. ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ വധശിക്ഷ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതാണ് ജയിൽ മോചനം അനന്തമായി നീളാൻ ഇടയാക്കുന്നത്. റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിന്റെ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നു. പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ സാധാരണ തടവുശിക്ഷയാണ് വിധിക്കുക. 19 വർഷമായി തടവിലായതിനാൽ ഇനി തടവുശിക്ഷ വിധിച്ചാലും അബ്ദുൽ റഹീമിന് അധികം ജയിലിൽ തുടരേണ്ടിവരില്ല. ഇതുവരെ അനുഭവിച്ച തടവുകാലം ശിക്ഷയായി പരിഗണിച്ച് മോചനം നൽകാനാണ് സാധ്യത.
