ഖത്തറില്‍ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ വന്‍ പരിഷ്‌കാരങ്ങള്‍

qatar

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് കാലാവധിയും ട്രാഫിക് സുരക്ഷാ ലൈസന്‍സും മൂന്ന് വര്‍ഷമായി ഏകീകരിച്ചതാണ് പുതിയ പരിഷ്‌കാരങ്ങളിലെ പ്രധാന ആകര്‍ഷണം.

ഖത്തറിലെ സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സ്ഥാപനങ്ങളുടെ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനുമായി വന്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയം. ലൈസന്‍സ് കാലാവധി നീട്ടിയതും സ്‌കൂളുകളിലെ പ്രവേശന ശേഷി വര്‍ദ്ധിപ്പിച്ചതും ഉള്‍പ്പെടെ നിക്ഷേപകര്‍ക്കും സ്‌കൂള്‍ മാനേജ്മെന്റുകള്‍ക്കും വലിയ ആശ്വാസമാകുന്ന നിരവധി ഇളവുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി വിവിധ സ്‌കൂളുകളിലായി 6,883 അധിക സീറ്റുകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തന ലൈസന്‍സ് കാലാവധിയും ട്രാഫിക് സുരക്ഷാ ലൈസന്‍സും മൂന്ന് വര്‍ഷമായി ഏകീകരിച്ചതാണ് പുതിയ പരിഷ്‌കാരങ്ങളിലെ പ്രധാന ആകര്‍ഷണം. കൂടാതെ, സ്‌കൂളുകളിലേക്ക് ആവശ്യമായ ജീവനക്കാരുടെയും അധ്യാപകരുടെയും നിയമനത്തിന് ഇനി മുതല്‍ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിക്കായി കാത്തിരിക്കേണ്ടതില്ലെന്ന ഇളവും നല്‍കിയിട്ടുണ്ട്.

സ്‌കൂളുകളിലെ സ്ഥലസൗകര്യവുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ നടപ്പിലാക്കിയതാണ് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം സാധ്യമാക്കുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് 1.7 ചതുരശ്ര മീറ്റര്‍ ക്ലാസ് മുറി വിസ്തീര്‍ണം എന്ന രീതി പുനഃക്രമീകരിച്ചതോടെ, കെട്ടിടങ്ങള്‍ പുതുതായി വികസിപ്പിക്കാതെ തന്നെ സ്‌കൂളുകള്‍ക്ക് പ്രവേശന ശേഷി വര്‍ദ്ധിപ്പിക്കാനാകും. പുതിയ തീരുമാനം വഴി വിവിധ അന്താരാഷ്ട്ര പാഠ്യപദ്ധതികള്‍ പിന്തുടരുന്ന 46 സ്‌കൂളുകളിലായി 6,800-ലധികം അധിക സീറ്റുകളാണ് പെട്ടെന്ന് തന്നെ ലഭ്യമാകുന്നത്.

Tags