ഖത്തറില്‍ പുതിയ ഗതാഗത നിയമം ഡിസംബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരും

qatar

ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്.

ഖത്തറില്‍ പുതിയ ഗതാഗത നിയമം ഡിസംബര്‍ 19 മുതല്‍ പ്രാബല്യത്തില്‍ വരും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ശ്രദ്ധ തിരിക്കുന്ന മറ്റ് പ്രവൃത്തികളും നടത്തിയാല്‍ വാഹനം 90 ദിവസം വരെ പിടിച്ചെടുക്കാന്‍ വ്യവസ്ഥയുണ്ട്. ഹൈവേകളില്‍ കാരണമില്ലാതെ വേഗം കുറച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കും. ആഭ്യന്തര മന്ത്രാലയമാണ് പുതിയ നിയമത്തിലെ പ്രധാന വ്യവസ്ഥകള്‍ പ്രഖ്യാപിച്ചത്.

2026ലെ 19-ാം നമ്പര്‍ നിയമപ്രകാരം നടപ്പാക്കുന്ന ഭേദഗതി, റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഗതാഗത നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമാണ്. നിയമം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ചതായും പ്രസിദ്ധീകരിച്ച് 30 ദിവസത്തിന് ശേഷം ഡിസംബര്‍ 19ന് പ്രാബല്യത്തില്‍ വരുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ നിയമകാര്യ വിഭാഗം ഡയറക്ടര്‍ അറിയിച്ചു.


ഹൈവേകളില്‍ കുറഞ്ഞതും കൂടിയതുമായ വേഗപരിധി ഏര്‍പ്പെടുത്തുന്ന പദ്ധതിയുടെ ആദ്യഘട്ടവും നടപ്പാക്കും. കാരണമില്ലാതെ വളരെ കുറഞ്ഞ വേഗത്തില്‍ വാഹനമോടിക്കുന്നത് ഗതാഗത തടസ്സത്തിനും മറ്റ് വാഹനങ്ങള്‍ക്ക് അപകടസാധ്യതയ്ക്കും ഇടയാക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇത്തരം നിയമലംഘനങ്ങള്‍ക്കും പുതിയ നിയമപ്രകാരം ശിക്ഷ ലഭിക്കും. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ഉള്‍പ്പെടെ ശ്രദ്ധ തിരിക്കുന്ന എല്ലാ പ്രവൃത്തികളും നിയമം നിരോധിക്കുന്നു. ഇത്തരം നിയമലംഘനങ്ങള്‍ നടത്തുന്നവരുടെ വാഹനങ്ങള്‍ 90 ദിവസം വരെ പിടിച്ചെടുക്കാന്‍ ബന്ധപ്പെട്ട ട്രാഫിക് അധികൃതര്‍ക്ക് അധികാരം നല്‍കുന്നതാണ് പുതിയ വ്യവസ്ഥ.

Tags