ഗാസയിലേക്ക് സഹായമെത്തിക്കാന്‍ ഖത്തര്‍; ഐക്യരാഷ്ട്ര സഭയുമായി കരാര്‍ ഒപ്പിട്ടു
2023 ഒക്ടോബര്‍ ഏഴ് മുതല്‍ 2026 മാര്‍ച്ച് അവസാനം വരെയുള്ള കാലയളവില്‍ ഏകദേശം മൂന്ന് കോടി ലിറ്റര്‍ ഇന്ധനമാണ് ഖത്തര്‍ ഗാസയിലേക്ക് നല്‍കിയിട്ടുള്ളത്.
ഗാസ മുനമ്പിലെ രൂക്ഷമായ മാനുഷിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി 13 ലക്ഷം ലിറ്റര്‍ ഇന്ധനം ഗാസയിലേക്ക് എത്തിക്കാന്‍ ഖത്തര്‍ ഐക്യരാഷ്ട്രസഭയുമായി കരാറൊപ്പിട്ടു. ഖത്തറിന്റെ സൗജന്യ ധനസഹായത്തിന്റെ ഭാഗമായാണ് ഈ ഇന്ധനം ലഭ്യമാക്കുന്നത്. ഗാസയിലെ ജനങ്ങള്‍ക്ക് ആവശ്യമായ അടിയന്തര മാനുഷിക സഹായങ്ങളും അവശ്യസേവനങ്ങളും ഉറപ്പാക്കുന്നതില്‍ ഖത്തര്‍ തുടരുന്ന സഹകരണത്തിന്റെ ഭാഗമായാണ് പുതിയ നടപടി. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ 2026 മാര്‍ച്ച് അവസാനം വരെയുള്ള കാലയളവില്‍ ഏകദേശം മൂന്ന് കോടി ലിറ്റര്‍ ഇന്ധനമാണ് ഖത്തര്‍ ഗാസയിലേക്ക് നല്‍കിയിട്ടുള്ളത്.
പലസ്തീന്‍ ജനതയ്ക്ക് നല്‍കുന്ന നിരന്തരമായ മാനുഷിക പിന്തുണയുടെയും ഗാസയിലെ ദുരിതങ്ങള്‍ ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെയും ഭാഗമായാണ് ഈ സഹായമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നിലവിലെ ദുഷ്‌കരമായ സാഹചര്യങ്ങളില്‍ അവിടുത്തെ അവശ്യസേവനങ്ങളുടെയും മാനുഷിക പ്രവര്‍ത്തനങ്ങളുടെയും പ്രവര്‍ത്തനം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാനും ദുരിതാശ്വാസ സംഘടനകള്‍ക്ക് വേഗത്തില്‍ സഹായങ്ങള്‍ എത്തിക്കാനും ഈ ഇന്ധന ഗ്രാന്റ് സഹായിക്കും.
പ്രധാനമായും ഗാസയിലെ തകര്‍ന്നുപോയ ആരോഗ്യ മേഖലയ്ക്ക് വലിയൊരു ആശ്വാസമായിരിക്കും ഈ ഇന്ധന സഹായം. നവജാതശിശുക്കളും സ്ത്രീകളും വയോധികരും ഭിന്നശേഷിക്കാരുമടക്കം ഏകദേശം 21 ലക്ഷത്തോളം പലസ്തീനികള്‍ ആശ്രയിക്കുന്ന ഗാസയിലെ ആശുപത്രികളുടെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളുടെയും തടസ്സമില്ലാത്ത പ്രവര്‍ത്തനത്തിന് ഇത് അത്യാവശ്യമാണ്. ആരോഗ്യ മേഖലയ്ക്ക് പുറമേ ഇന്ധനത്തെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്ന മറ്റ് അവശ്യ പൊതുസേവന മേഖലകള്‍ക്കും ഇത് വലിയ പിന്തുണ നല്‍കും.
.jpg)

