ഖത്തറില്‍ പുതിയ 38 സേവനങ്ങള്‍ കൂടി ഇനി ഓണ്‍ലൈനാകും

oun

ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്

പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനായ 'ഔനില്‍' 38 പുതിയ സേവനങ്ങള്‍ കൂടി ആരംഭിച്ച് ഖത്തര്‍ നഗരസഭ മന്ത്രാലയം. ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. ഇറക്കുമതി പെര്‍മിറ്റുകള്‍, മൃഗസംരക്ഷണ-വെറ്ററിനറി ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍, കമ്പനി രജിസ്ട്രേഷന്‍, കാര്‍ഷിക സേവനങ്ങള്‍ തുടങ്ങിയ സേവനങ്ങളാണ് പുതുതായി ഉള്‍പ്പെടുത്തിയത്. പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍വത്ക്കരിച്ച് നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നടപടി.

മൃഗങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിയും കയറ്റുമതിയും ഇനി ഔന്‍ ആപ്പ് വഴി എളുപ്പത്തില്‍ കൈകാര്യം ചെയ്യാം. പൂച്ചകള്‍, നായകള്‍, കുതിരകള്‍, മത്സര ഒട്ടകങ്ങള്‍, അലങ്കാര മത്സ്യങ്ങള്‍, വന്യമൃഗങ്ങള്‍ എന്നിവയുടെ ഇറക്കുമതി പെര്‍മിറ്റുകളും മൃഗങ്ങള്‍ക്കായുള്ള തീറ്റ, അനുബന്ധ ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്കുള്ള ലൈസന്‍സുകളും പുതിയ സേവനങ്ങളില്‍ ഉള്‍പ്പെടുന്നു. കൂടാതെ മൃഗ ഉത്പ്പന്നങ്ങള്‍, പക്ഷിമൃഗാദികള്‍, ഫാല്‍ക്കണ്‍ പക്ഷികള്‍, മത്സര ഒട്ടകങ്ങള്‍ എന്നിവ വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള വെറ്ററിനറി ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റുകളും ആപ്പിലൂടെ ലഭ്യമാകും.

വളര്‍ത്തുമൃഗങ്ങളെ തിരികെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനുള്ള റീ-എന്‍ട്രി പെര്‍മിറ്റ്, വെറ്ററിനറി മരുന്നുകള്‍, പരിശോധന ഉപകരണങ്ങള്‍ എന്നിവയുടെ ലൈസന്‍സ്, ക്വാറന്റൈന്‍ സര്‍ട്ടിഫിക്കറ്റുകളുടെ പുതുക്കലും റദ്ദാക്കലും തുടങ്ങി അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ പരിശോധനകള്‍ വരെയുള്ള സേവനങ്ങളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയും പുനര്‍കയറ്റുമതിയും അതിനായുള്ള പരിശോധനാ അപേക്ഷകളും കമ്പനികളുടെ രജിസ്‌ട്രേഷനും ഇനി മുതല്‍ ആപ്പ് വഴി പൂര്‍ത്തിയാക്കാം.

Tags