ഖത്തറില്‍ ഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കി; മൂന്ന് മാസത്തിനിടെ 57 സ്ഥാപനങ്ങള്‍ അടച്ചു
ആകെ 81,611 ആരോഗ്യ പരിശോധനകളാണ് ഈ കാലയളവില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്.
ഖത്തറില്‍ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ മുനിസിപ്പാലിറ്റി മന്ത്രാലയം നടപടി കര്‍ശനമാക്കി. ഈ വര്‍ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്നാം പാദത്തില്‍ രാജ്യത്തെ എട്ട് മുനിസിപ്പാലിറ്റികളിലായി നടത്തിയ വ്യാപകമായ പരിശോധനകളില്‍ 6,088 നിയമലംഘനങ്ങളാണ് അധികൃതര്‍ കണ്ടെത്തിയത്. ആകെ 81,611 ആരോഗ്യ പരിശോധനകളാണ് ഈ കാലയളവില്‍ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കിയത്.
ഭക്ഷ്യസുരക്ഷാ ചട്ടങ്ങളില്‍ ഗുരുതരമായ വീഴ്ച വരുത്തിയ 57 സ്ഥാപനങ്ങള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാന്‍ മന്ത്രാലയം ഉത്തരവിട്ടു. കണ്ടെത്തിയ നിയമലംഘനങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലാണ്. ഇവിടെ 1,916 നിയമലംഘനങ്ങളാണ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലുള്ള ദോഹ മുനിസിപ്പാലിറ്റിയില്‍ 1,495 നിയമലംഘനങ്ങളും കണ്ടെത്തി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഭക്ഷ്യോത്പ്പാദന, വിതരണ കേന്ദ്രങ്ങളില്‍ വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
.jpg)

