ഖത്തറില്‍ 'ഡ്രൈവറില്ലാ' ഇലക്ട്രിക് റോബോടാക്‌സികളുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടം തുടങ്ങി
യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെയാണ് പദ്ധതി ആരംഭിച്ചത് മുതല്‍ മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ പ്രതികരിച്ചു.
ഖത്തറില്‍ 'ഡ്രൈവറില്ലാ' ഇലക്ട്രിക് റോബോടാക്‌സികളുടെ രണ്ടാം ഘട്ട പരീക്ഷണ ഓട്ടത്തിന് തുടക്കമായി. സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കികൊണ്ട് ആയിരക്കണക്കിന് പരീക്ഷണ യാത്രകള്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ഇപ്പോള്‍ വാഹനത്തിനുള്ളില്‍ ഡ്രൈവര്‍മാര്‍ ഇല്ലാതെ തന്നെ ടാക്‌സികള്‍ നിരത്തിലിറക്കുന്നത്.
നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യയും അത്യാധുനിക ലിഡാര്‍ സെന്‍സറുകളും ഉപയോഗിച്ചാണ് റോബോടാക്‌സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് ഗതാഗത മന്ത്രാലയത്തിലെ ട്രാഫിക് എഞ്ചിനീയറിങ് ആന്‍ഡ് റോഡ് സേഫ്റ്റി വിഭാഗം മേധാവി മുഹമ്മദ് ജാസിം അല്‍ ഷൈബാനി വ്യക്തമാക്കി. റൂട്ടുകള്‍ കൃത്യമായി കണ്ടെത്താനും ചുറ്റുമുള്ള മാറ്റങ്ങള്‍ മനസ്സിലാക്കി മനുഷ്യന്റെ ഇടപെടലില്ലാതെ സുരക്ഷിതമായി തീരുമാനങ്ങളെടുക്കാനും വാഹനങ്ങള്‍ക്ക് സാധിക്കും. വാഹനത്തിന് മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഇന്റലിജന്റ് ട്രാന്‍സ്‌പോര്‍ട്ട് സിസ്റ്റം ബോക്‌സുകളാണ് റോബോടാക്‌സികളെ സാധാരണ കാറുകളില്‍ നിന്ന് വേറിട്ടുനിര്‍ത്തുന്നത്.
യാത്രക്കാരുടെ സുരക്ഷയ്ക്ക് തന്നെയാണ് പദ്ധതി ആരംഭിച്ചത് മുതല്‍ മുന്‍ഗണന നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ പ്രതികരിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 2,500 ഓളം പരീക്ഷണ യാത്രകള്‍ നടത്തി. ഇതില്‍ 94 ശതമാനം യാത്രകളും വിജയകരമായിരുന്നു. ആദ്യഘട്ടത്തിലെ ഉയര്‍ന്ന ജനപ്രീതി പരിഗണിച്ചാണ് റോബോടാക്‌സികളുടെ പരീക്ഷണ യാത്ര രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചത്. നിലവില്‍ മുന്‍കൂട്ടി നിശ്ചയിച്ച റൂട്ടുകളില്‍ ഓടുന്ന വാഹനങ്ങളെ വിദൂര നിയന്ത്രണ സംവിധാനങ്ങള്‍ വഴിയാണ് നിരീക്ഷിക്കുന്നത്.
.jpg)

