വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സ്

qatar bahrain

കഴിഞ്ഞ മാസം 23 മുതല്‍ മുന്‍കരുതലിന്റെ ഭാഗമായി റദ്ദാക്കിയിരുന്ന സര്‍വീസുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്.

പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന പ്രധാന വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ തീരുമാനം. ബഹ്‌റൈന്‍, കുവൈറ്റ്, ഇറാഖിലെ ഇര്‍ബില്‍ എന്നീ നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകളാണ് വീണ്ടും പ്രവര്‍ത്തനം ആരംഭിക്കുന്നത്. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങള്‍ അനുകൂലമായതിനെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അധികൃതര്‍ വ്യക്തമാക്കിയതായി ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ മാസം 23 മുതല്‍ മുന്‍കരുതലിന്റെ ഭാഗമായി റദ്ദാക്കിയിരുന്ന സര്‍വീസുകളാണ് ഇപ്പോള്‍ പുനഃസ്ഥാപിക്കുന്നത്. മേഖലയിലെ നിലവിലെ സാഹചര്യം വിലയിരുത്തിക്കൊണ്ടാണ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്. വിമാന സര്‍വീസുകളുടെ സമയക്രമത്തെക്കുറിച്ചും മറ്റ് വിവരങ്ങളെക്കുറിച്ചും ഏറ്റവും പുതിയ വിവരങ്ങള്‍ അറിയുന്നതിനായി യാത്രക്കാര്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് പ്രവാസി മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് യാത്രക്കാര്‍ക്ക് വലിയ ആശ്വാസമാകും.

Tags