ഖത്തറില്‍ തടവുകാര്‍ നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങള്‍ ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി സ്വന്തമാക്കാം

soum

മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ഈ പുതിയ ഡിജിറ്റല്‍ സേവനത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്.

ഖത്തറില്‍ തടവുകാര്‍ നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങള്‍ ഇനിമുതല്‍ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈനായി സ്വന്തമാക്കാം. ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ 'സൗം'  ആപ്പിലൂടെയാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഉത്പ്പന്നങ്ങളുടെ ഓണ്‍ലൈന്‍ വില്‍പ്പന സെപ്റ്റംബര്‍ ആറ് ഞായറാഴ്ച മുതല്‍ നിലവില്‍ വന്നതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.

മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് ഈ പുതിയ ഡിജിറ്റല്‍ സേവനത്തെക്കുറിച്ചുള്ള വിവരം പുറത്തുവിട്ടത്. തടവുകാരുടെ സര്‍ഗ്ഗാത്മകതയും തൊഴില്‍പരമായ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, അവര്‍ നിര്‍മ്മിക്കുന്ന വിവിധ സാമഗ്രികള്‍ പൊതുജനങ്ങളിലേക്ക് വളരെ വേഗത്തിലും ലളിതമായും എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആഭ്യന്തര മന്ത്രാലയം നേരിട്ട് നിയന്ത്രിക്കുന്ന ആപ്പായതിനാല്‍ സുരക്ഷിതമായി ഉത്പ്പന്നങ്ങള്‍ തിരഞ്ഞെടുക്കാനും ഇലക്ട്രോണിക് രീതിയില്‍ തുക അടച്ച് വാങ്ങാനും ഉപഭോക്താക്കള്‍ക്ക് സാധിക്കും.

ശിക്ഷാ കാലാവധിക്ക് ശേഷം തടവുകാര്‍ക്ക് സമൂഹത്തിലേക്ക് മാന്യമായി തിരിച്ചെത്താനും സ്വയംപര്യാപ്തത കൈവരിക്കാനും ഇത്തരം സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ സഹായകരമാകുന്നുണ്ട്. അവര്‍ നിര്‍മ്മിക്കുന്ന ഉത്പ്പന്നങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കൂടുതല്‍ സുതാര്യവും ആധുനികവുമായ സൗകര്യമൊരുക്കിയതിലൂടെ വലിയൊരു വിപണിയാണ് ആഭ്യന്തര മന്ത്രാലയം ഇവിടെ തുറന്നുനല്‍കിയിരിക്കുന്നത്.

Tags