ബഹ്റൈനില്‍ വൈദ്യുതി-ജല അതോറിറ്റി സ്വകാര്യവത്കരണം: ബില്‍ അടുത്ത സമ്മേളനത്തിലേക്ക് മാറ്റി
എംപിമാരും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്താനാകാത്തതിനെ തുടര്‍ന്ന് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിലേക്ക് മാറ്റിവച്ചു.
ബഹ്‌റൈനിലെ വൈദ്യുതി-ജല അതോറിറ്റിയെ സ്വകാര്യവത്കരിക്കുന്നതിനുള്ള സര്‍ക്കാര്‍ ബില്‍, നിരക്ക് നിയന്ത്രണവും ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും എംപിമാരും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്താനാകാത്തതിനെ തുടര്‍ന്ന് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിലേക്ക് മാറ്റിവച്ചു.
പൊതു ഉപയോഗവും പരിസ്ഥിതി കാര്യങ്ങളും സംബന്ധിച്ച സമിതി അധ്യക്ഷന്‍ മുഹമ്മദ് മൂസയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ ബില്ലിലെ 10 വകുപ്പുകളില്‍ സര്‍ക്കാരും സമിതിയും ധാരണയിലെത്തിയതായി അറിയിച്ചു. ഇവയെല്ലാം പൗരന്മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വൈദ്യുതി-ജല നിരക്കുകള്‍ സംബന്ധിച്ച നിയന്ത്രണവും ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളുടെ പരിഗണനയുമാണ് ഇപ്പോഴും തര്‍ക്കവിഷയങ്ങളായി തുടരുന്നത്.
നിരക്കുകള്‍ നിയമത്തില്‍ തന്നെ ഉള്‍പ്പെടുത്തണമെന്നാണ് സമിതിയുടെ നിലപാട്. ഭാവിയില്‍ നിരക്ക് വര്‍ധിപ്പിക്കാനോ കുറയ്ക്കാനോ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് പാര്‍ലമെന്റിന്റെ അംഗീകാരത്തോടെയായിരിക്കണമെന്നും മുഹമ്മദ് മൂസ ആവശ്യപ്പെട്ടു. അതേസമയം, ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വീടുകളെ സംബന്ധിച്ച് സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം സാമൂഹിക വികസന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെങ്കിലും അന്തിമ മറുപടി ലഭിച്ചിട്ടില്ല.
.jpg)

