ദുബായില്‍ 13,000-ത്തിലധികം ഇ-സ്‌കൂട്ടറുകള്‍ പിടിച്ചെടുത്ത് പൊലീസ്
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രത്യേക ട്രാഫിക് ക്യാമ്പയിനിലാണ് 13,657 ഇ-സ്‌കൂട്ടറുകള്‍ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തത്.
ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതിന് പതിമൂവായിരത്തിലധികം ഇലക്ട്രിക് സ്‌കൂട്ടറുകള്‍ പിടിച്ചെടുത്ത് ദുബായ് പൊലീസ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെയും അപകടകരമായ രീതിയിലും സ്‌കൂട്ടര്‍ ഓടിച്ചതിനാണ് നടപടി. ട്രാഫിക് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ദുബായ് പൊലീസ് മുന്നറിയിപ്പ് നല്‍കി.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ പ്രത്യേക ട്രാഫിക് ക്യാമ്പയിനിലാണ് 13,657 ഇ-സ്‌കൂട്ടറുകള്‍ ദുബായ് പോലീസ് കസ്റ്റഡിയിലെടുത്തത്. 2026-ലെ ആദ്യ എട്ടു മാസങ്ങളിലെ കണക്കാണിത്. അപകടകരമായ റൈഡിംഗ് നിയന്ത്രിക്കുന്നതിനും സ്‌കൂട്ടര്‍, റോഡ് ഉപയോക്താക്കളെ അപകടങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുമാണ് പ്രത്യേക ട്രാഫിക് കാമ്പെയ്ന്‍ ലക്ഷ്യമിടുന്നത്.
വേഗത പരിധി മണിക്കൂറില്‍ 60 കിലോമീറ്ററില്‍ കൂടുതലുള്ള റോഡുകളില്‍ ഇ-സ്‌കൂട്ടറുകള്‍ ഓടിക്കുന്നത് പ്രധാന നിയമലംഘനമായി പൊലീസ് ചൂണ്ടിക്കാട്ടുന്നു. പ്രത്യേകം സജ്ജമാക്കിയ ട്രാക്കുകള്‍ ലഭ്യമായിരിക്കെയാണ് പലരും അപകടകരമായ രീതിയില്‍ പ്രധാന റോഡുകളിലേക്ക് പ്രവേശിക്കുന്നത്. ഇത് വലിയ തോതില്‍ അപകടങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
വണ്‍വേ തെറ്റിച്ചുള്ള ഡ്രൈവിംഗ്, നടപ്പാതകളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയും സഞ്ചരിക്കല്‍, അനുമതിയില്ലാത്ത സ്ഥലങ്ങളിലൂടെയുള്ള യാത്ര എന്നിവയ്‌ക്കെതിരെയും കര്‍ശന നടപടിയുണ്ടാകും.
.jpg)

