പത്തനംതിട്ട സ്വദേശിയായ പ്രവാസി നിര്യാതനായി

റിയാദ്: കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ ഏരിയ രക്ഷാധികാരി സെക്രട്ടറി പത്തനംതിട്ട റാന്നി സ്വദേശി മനോഹരൻ നെല്ലിക്കൽ (64) നിര്യാതനായി. രക്തസമ്മർദ്ദത്തെ തുടർന്ന് റിയാദ് അൽസലാം ഹെൽത്ത് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് തലയിൽ രക്തസ്രാവം സംഭവിക്കുകയും, അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കുകയുമായിരുന്നു.
തുടർന്ന് ന്യൂമോണിയ ബാധിച്ചതായി ഡോക്ടർമാർ അറിയിച്ചു. ചികിത്സക്കിടെ ഹൃദയാഘാതം സംഭവിക്കുകയും മരണമടയുകയുമായിരുന്നു. മനോഹരൻ കഴിഞ്ഞ 13 വർഷമായി ന്യൂ സനയ്യയിലെ അൽ ഖാലിദ് പ്രിന്റിങ് പ്രസ്സിൽ മെക്കാനിക്കൽ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ലക്ഷ്മി, മക്കൾ: ലിനോജ് (ദുബായ്), മനീഷ്.
കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ ഗ്യാസ് ബക്കാല യൂനിറ്റ് സെക്രട്ടറി, പ്രസിഡന്റ്, ട്രഷറർ, ഏരിയ പ്രസിഡന്റ്, രക്ഷാധികാരി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്ന നടപടികൾ കേളി ജീവകാരുണ്യ വിഭാഗത്തിന് കീഴിൽ നടന്നുവരുന്നു.