ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു

കരാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ഒരു മലയാളി കൂടി മരിച്ചു. റാഫ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന തലശ്ശേരി പുന്നോല്‍ സ്വദേശി നഹീല്‍ നിസാറാണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരിച്ച മലയാളികളുടെ എണ്ണം മൂന്നായി. ഒക്ടോബര്‍ 17 ന് അര്‍ധരാത്രിയാണ് കറാമ ബിന്‍ ഹൈദര്‍ ബില്‍ഡിങില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായത്. മൃതദേഹം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരു യുവാവ് കൂടി ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുകയാണ്.
ഗ്യാസ് ചോര്‍ച്ച ഉണ്ടായതിന് പിന്നാലെയാണ് ബിന്‍ ഹൈദര്‍ ബില്‍ഡിങില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. മൂന്ന് മുറികള്‍ ഉള്‍പ്പെട്ട ബ്ലോക്കിലാണ് അപകടം ഉണ്ടായത്. തലശ്ശേരി ടെമ്പിള്‍ ഗേറ്റ് നിട്ടൂര്‍ വീട്ടില്‍ നിധിന്‍ ദാസ് (24), മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുള്ളയാണ് (42) എന്നിവരാണ് നേരത്തെ മരിച്ചത്.