ടൂറിസ വികസനവും വിദേശ നിക്ഷേപവും ലക്ഷ്യമിട്ട് ഒമാന്‍; മസ്‌കറ്റില്‍ 12 പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചു
സ്വകാര്യ പങ്കാളിത്തവും വിദേശ നിക്ഷേപങ്ങളും വര്‍ദ്ധിപ്പിക്കുക എന്ന ഒമാന്‍ വിഷന്‍ 2040 ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതികള്‍ അവതരിപ്പിക്കുന്നത്.
മസ്‌കറ്റില്‍ ടൂറിസം, വിനോദം, വാണിജ്യം, പൊതുമേഖല എന്നിവയില്‍ വന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനായി നാല് വന്‍കിട വാട്ടര്‍ഫ്രണ്ട് പ്രോജക്ടുകള്‍ ഉള്‍പ്പെടെ 12 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് ഒമാന്‍. സ്വകാര്യ പങ്കാളിത്തവും വിദേശ നിക്ഷേപങ്ങളും വര്‍ദ്ധിപ്പിക്കുക എന്ന ഒമാന്‍ വിഷന്‍ 2040 ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതികള്‍ അവതരിപ്പിക്കുന്നത്.
മസ്‌കറ്റ് മുന്‍സിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഈ പദ്ധതികള്‍ ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ പ്ലാനിംഗ് മന്ത്രാലയത്തിന്റെ 'അര്‍ബന്‍ ഒക്ടോബര്‍ 2026' ഇവന്റില്‍ പ്രദര്‍ശിപ്പിക്കുകയും ദീര്‍ഘകാല നിക്ഷേപ വ്യവസ്ഥകളില്‍ നിക്ഷേപകര്‍ക്ക് നല്‍കുകയും ചെയ്യും. കുറിയാത്ത്, മുത്ര, സീബ്, ഖുറം എന്നീ നാല് തന്ത്രപ്രധാന മേഖലകളിലാണ് പ്രധാന വാട്ടര്‍ഫ്രണ്ട് പദ്ധതികള്‍ വരുന്നത്.
ഖുറത്തില്‍ ഒരുങ്ങുന്ന വാട്ടര്‍ഫ്രണ്ട് പദ്ധതി 10 ലക്ഷത്തിലധികം ചതുരശ്ര മീറ്ററിലാണ് വ്യാപിച്ചുകിടക്കുന്നത്. നാച്ചുറല്‍ പാര്‍ക്ക്, കണ്ടല്‍ക്കാടുകള്‍, ബീച്ച് റോഡ് എന്നിവയെ ബന്ധിപ്പിക്കുന്ന ഈ പദ്ധതിയില്‍ 1.6 കിലോമീറ്റര്‍ നീളമുള്ള പ്രോമനേഡ്, കിയോസ്‌കുകള്‍, കടല്‍തീര കഫേകള്‍, സീസണല്‍ മാര്‍ക്കറ്റ് എന്നിവ ഉണ്ടാകും. അതേസമയം, ചരിത്രപ്രസിദ്ധമായ മുത്ര തുറമുഖത്തിന് സമീപം വാണിജ്യ സമുച്ചയങ്ങള്‍, പാര്‍ക്കിംഗ്, പൊതു ഇടങ്ങള്‍, കരകൗശല-ഭക്ഷണ വിപണികള്‍, ചെറിയ ഹോട്ടല്‍ എന്നിവ ഉള്‍പ്പെടുത്തി പുതിയ പദ്ധതികള്‍ നടപ്പിലാക്കും.
.jpg)


