തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഒമാന്‍; രാജ്യത്തുടനീളമുള്ള സ്ഥാപനങ്ങളില്‍ പരിശോധന

oman

പരിശോധനകള്‍ക്കിടെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് 66 ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി.

രാജ്യത്തെ തൊഴിലിടങ്ങളില്‍ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ വിപുലമായ പരിശോധനകളുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. സുരക്ഷിതവും സുസ്ഥിരവുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മന്ത്രാലയം നടപ്പിലാക്കുന്ന സമഗ്ര പദ്ധതിയുടെ ഭാഗമായി രാജ്യത്തുടനീളമുള്ള 2,915 സ്ഥാപനങ്ങളിലാണ് അധികൃതര്‍ പരിശോധന നടത്തിയത്.

വിവിധ ഗവര്‍ണറേറ്റുകളിലായി നടന്ന ഈ പരിശോധനാ പ്രചാരണങ്ങളിലൂടെ പതിനായിരത്തിലധികം (10,873) തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട സുരക്ഷാ പരിരക്ഷ ഉറപ്പാക്കാന്‍ സാധിച്ചതായി മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങള്‍ നിരീക്ഷിക്കുന്നതിനൊപ്പം തൊഴിലുടമകള്‍ക്കും തൊഴിലാളികള്‍ക്കും അവബോധം നല്‍കുന്നതിനായി 1,739 പ്രത്യേക ബോധവത്ക്കരണ സന്ദര്‍ശനങ്ങളും മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സംഘടിപ്പിച്ചു.

പരിശോധനകള്‍ക്കിടെ സുരക്ഷാ വീഴ്ചകളുമായി ബന്ധപ്പെട്ട് 66 ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വെളിപ്പെടുത്തി. വിദേശികളടക്കമുള്ള തൊഴിലാളികളുടെ സുരക്ഷയ്ക്ക് പരമ പ്രാധാന്യമാണ് നല്‍കുന്നതെന്നും, കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം അറിയിച്ചു.
 

Tags