പ്രവാസി റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ക്ക് പുതിയ നിയമങ്ങളുമായി ഒമാന്‍; ലംഘിച്ചാല്‍ കടുത്ത നടപടി

oman

പുതിയ ചട്ടങ്ങള്‍ അനുസരിച്ച് ലൈസന്‍സ് ലഭിക്കുന്നതിനായി സ്ഥാപനത്തിന്റെ ഉടമയും പങ്കാളികളും അംഗീകൃത ഒപ്പുകാരും ഒമാനി പൗരന്മാരായിരിക്കണം.

ഒമാനില്‍ പ്രവാസി റിക്രൂട്ട്മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതിനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ സുരക്ഷിതമാക്കുന്നതിനുമായി പുതിയ നിയമങ്ങളും വ്യവസ്ഥകളും പ്രാബല്യത്തില്‍ വന്നു. ഏജന്‍സികളുടെ സേവന നിലവാരം ഉയര്‍ത്തുന്നതിനും കരാര്‍ ബന്ധങ്ങളില്‍ സുതാര്യത വരുത്തുന്നതിനുമാണ് പുതിയ നിയമം ലക്ഷ്യമിടുന്നതെന്ന് തൊഴില്‍ മന്ത്രാലയത്തിലെ തൊഴിലാളി ക്ഷേമ വിഭാഗം ഉപദേഷ്ടാവ് ഡോ. സെയ്ഫ് ബിന്‍ മുഹമ്മദ് അല്‍-ബുസൈദി പ്രതികരിച്ചു. മന്ത്രാലയത്തിന്റെ കൃത്യമായ ലൈസന്‍സുള്ള ഏജന്‍സികള്‍ക്ക് മാത്രമേ ഇനി പ്രവാസി റിക്രൂട്ട്മെന്റ് നടത്താന്‍ അനുമതിയുണ്ടാകൂ.

പുതിയ ചട്ടങ്ങള്‍ അനുസരിച്ച് ലൈസന്‍സ് ലഭിക്കുന്നതിനായി സ്ഥാപനത്തിന്റെ ഉടമയും പങ്കാളികളും അംഗീകൃത ഒപ്പുകാരും ഒമാനി പൗരന്മാരായിരിക്കണം. ഇതിന് പുറമെ 5,000 ഒമാനി റിയാല്‍ സാമ്പത്തിക ഗ്യാരണ്ടിയായി അപേക്ഷകര്‍ നിക്ഷേപിക്കുകയും വേണം. തൊഴിലുടമകള്‍ക്കായി മന്ത്രാലയം അംഗീകരിച്ച ഏകീകൃത കരാറുകള്‍ മാത്രമേ ഇനി ഉപയോഗിക്കാന്‍ പാടുള്ളൂ. ഏജന്‍സികളുടെ സേവനങ്ങള്‍ക്കായി രണ്ട് വര്‍ഷത്തെ ഗ്യാരന്റിയും പരമാവധി 45 ദിവസത്തെ റിക്രൂട്ട്മെന്റ് സമയപരിധിയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

Tags