റെസിഡന്‍ഷ്യല്‍ മേഖലകളില്‍ തൊഴിലാളി പാര്‍പ്പിടങ്ങള്‍ പാടില്ല; മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി

muscat

ജനസാന്ദ്രത വര്‍ദ്ധിക്കുന്നതും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ അനധികൃത ഉപയോഗവും പരിസരവാസികളുടെ സ്വകാര്യ ജീവിതത്തെയും സുരക്ഷയെയും ബാധിക്കുമെന്നതിനാലാണ് നടപടി

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ റെസിഡന്‍ഷ്യല്‍ പരിസരങ്ങളില്‍ അനധികൃതമായി തൊഴിലാളി പാര്‍പ്പിടങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെ കര്‍ശന മുന്നറിയിപ്പുമായി മസ്‌കറ്റ് മുനിസിപ്പാലിറ്റി. ജനസാന്ദ്രത വര്‍ദ്ധിക്കുന്നതും റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ അനധികൃത ഉപയോഗവും പരിസരവാസികളുടെ സ്വകാര്യ ജീവിതത്തെയും സുരക്ഷയെയും ബാധിക്കുമെന്നതിനാലാണ് നടപടി. ഭവന നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാന്‍ പ്രോപ്പര്‍ട്ടി ഉടമകളോടും തൊഴിലുടമകളോടും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

മസ്‌കറ്റ് ഗവര്‍ണറേറ്റിലെ കെട്ടിട ഉപയോഗം നിയന്ത്രിക്കുന്ന നിയമപ്രകാരം, റെസിഡന്‍ഷ്യല്‍, മിക്‌സഡ്-യൂസ് റെസിഡന്‍ഷ്യല്‍-കൊമേഴ്സ്യല്‍ ഏരിയകളില്‍ സിംഗിള്‍ വര്‍ക്കര്‍മാര്‍ക്കായി (ബാച്ചിലേഴ്സ്) കെട്ടിടങ്ങളോ സമുച്ചയങ്ങളോ നിര്‍മ്മിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കൂടാതെ ഒരേ കെട്ടിടത്തില്‍ കുടുംബങ്ങളും ബാച്ചിലേഴ്സും ഒരുമിച്ച് താമസിക്കുന്നതിനും വിലക്കുണ്ട്. കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് മുമ്പ് അവയുടെ അനുവദനീയമായ ഉപയോഗം ഭൂവുടമകളും പ്രോപ്പര്‍ട്ടി ഉടമകളും ഉറപ്പുവരുത്തണമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Tags