ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതില്‍ പുതിയ നിയമം; ഇ-പെര്‍മിറ്റ് നിര്‍ബന്ധമാക്കി മന്ത്രാലയം

medicines

അന്താരാഷ്ട്ര തലത്തിലോ പ്രാദേശികമായോ നിരോധിച്ച മരുന്നുകളും പദാര്‍ത്ഥങ്ങളും രാജ്യത്തേക്ക് കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

ഖത്തറിലേക്ക് വരികയോ പുറത്തേക്ക് പോവുകയോ ചെയ്യുന്ന യാത്രക്കാര്‍ക്ക് നിശ്ചിത ഉപാധികളോടെ കൊണ്ടുവരാന്‍ സാധിക്കുന്ന 140 നിയന്ത്രിത മരുന്നുകളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ടു. യാത്രക്കാര്‍ക്കായി അടുത്തിടെ ആരംഭിച്ച പുതിയ ഇലക്ട്രോണിക് പെര്‍മിറ്റ് സംവിധാനത്തിന്റെ ഭാഗമായാണ് നടപടി.

പുതിയ ഇ-സിസ്റ്റത്തിന്റെ മാര്‍ഗ്ഗരേഖ അനുസരിച്ച്, ഉപാധികളോടെ അനുമതിയുള്ള നാര്‍ക്കോട്ടിക് വിഭാഗത്തില്‍പ്പെട്ട 61 മരുന്നുകളും സൈക്കോട്രോപ്പിക് വിഭാഗത്തില്‍പ്പെട്ട 79 മരുന്നുകളുമാണ് പട്ടികയിലുള്ളത്. ഖത്തറിലേക്ക് എത്തുന്ന അല്ലെങ്കില്‍ പുറത്തേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സ്വന്തം വ്യക്തിഗത ഉപയോഗത്തിനായുള്ള ഇത്തരം മരുന്നുകള്‍ കൈവശം വെക്കുന്നതിന് മുന്‍കൂട്ടി ഇ-പെര്‍മിറ്റിനായി അപേക്ഷിക്കാനും അപേക്ഷയുടെ പുരോഗതി പരിശോധിക്കാനും അനുമതിപത്രം ഓണ്‍ലൈനായി നേടാനും ഈ സംവിധാനത്തിലൂടെ സാധിക്കും.

അന്താരാഷ്ട്ര തലത്തിലോ പ്രാദേശികമായോ നിരോധിച്ച മരുന്നുകളും പദാര്‍ത്ഥങ്ങളും രാജ്യത്തേക്ക് കൊണ്ടുവരുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. എന്നാല്‍, മുന്‍കൂട്ടി അനുമതി പത്രം ലഭിക്കാത്ത യാത്രക്കാര്‍ രാജ്യത്തെ വിമാനത്താവളങ്ങളിലോ മറ്റ് അതിര്‍ത്തികളിലോ എത്തുമ്പോള്‍ തങ്ങളുടെ പക്കലുള്ള മരുന്നുകളുടെ വിവരം അധികൃതരെ അറിയിക്കേണ്ടതാണ്. ഇതിനായി കൃത്യമായ മെഡിക്കല്‍ റിപ്പോര്‍ട്ടും ഡോക്ടറുടെ കുറിപ്പടിയും ഹാജരാക്കേണ്ടതുണ്ട്.

വ്യക്തിഗത ഉപയോഗത്തിനായുള്ള മരുന്നുകള്‍ക്ക് അനുമതി ലഭിക്കുന്നതിന് ഇംഗ്ലീഷിലോ അറബിയിലോ ഉള്ള മെഡിക്കല്‍ റിപ്പോര്‍ട്ടും കുറിപ്പടിയും സമര്‍പ്പിക്കണം. രോഗിയുടെ പൂര്‍ണ്ണമായ പേര്, രോഗവിവരം, മരുന്നിന്റെ പേര്, അളവ്, ചികിത്സാ കാലാവധി, നല്‍കിയ തീയതി, ചികിത്സിച്ച ഡോക്ടറുടെ പേരും ഒപ്പും സീലും എന്നിവ ഇതില്‍ വ്യക്തമായിരിക്കണം. ഈ രേഖകള്‍ കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ അംഗീകൃത ആശുപത്രികളില്‍ നിന്നും നല്‍കിയതായിരിക്കണം. കൂടാതെ പാസ്പോര്‍ട്ടിന്റെയോ ഖത്തര്‍ ഐഡിയുടെയോ പകര്‍പ്പും മരുന്ന് വ്യക്തിഗത ആവശ്യത്തിന് മാത്രമുള്ളതാണെന്ന സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ടതുണ്ട്.

Tags