ഖത്തറില്‍ ഡ്രോണുകള്‍ പറത്താന്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍; നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി
ഡ്രോണുകള്‍ പറത്താന്‍ അനുമതിയുള്ള മേഖലകളും അനുവദനീയമായ സമയവും ഇനി മുതല്‍ മെട്രാഷ് ആപ്പിലൂടെ പരിശോധിക്കാന്‍ സാധിക്കും.
ഖത്തറില്‍ നിശ്ചിത പ്രദേശങ്ങളില്‍ ഡ്രോണുകള്‍ പറത്തുന്നതിന് അനുമതി നല്‍കി ആഭ്യന്തര മന്ത്രാലയം. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുമായും ബന്ധപ്പെട്ട മറ്റ് വകുപ്പുകളുമായും സഹകരിച്ച് തയ്യാറാക്കിയ പുതിയ ക്രമീകരണം പ്രാബല്യത്തില്‍ വന്നു. ഡ്രോണുകള്‍ പറത്താന്‍ അനുമതിയുള്ള മേഖലകളും അനുവദനീയമായ സമയവും ഇനി മുതല്‍ മെട്രാഷ് ആപ്പിലൂടെ പരിശോധിക്കാന്‍ സാധിക്കും.
സൂര്യോദയം മുതല്‍ രാവിലെ ഒമ്പത് മണി വരെയും ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സൂര്യാസ്തമയം വരെയുമാണ് ഡ്രോണുകള്‍ പറത്താന്‍ അനുമതിയുള്ള സമയം. ലൈസന്‍സില്‍ വ്യക്തമാക്കിയിട്ടുള്ള നിര്‍ദ്ദിഷ്ട ആവശ്യങ്ങള്‍ക്കായി മാത്രമായിരിക്കണം ഡ്രോണുകള്‍ ഉപയോഗിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചു.
അനുവദിച്ച സമയപരിധിയും മേഖലകളും ലംഘിച്ച് ഡ്രോണ്‍ പറത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. സുരക്ഷയും ഏവിയേഷന്‍ നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പുതിയ നിബന്ധനകള്‍ നടപ്പിലാക്കിയിരിക്കുന്നത്.
.jpg)

