കുവൈത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ ഡിജിറ്റൽ സംവിധാനം; ലൈസൻസ് പരിശോധന ഇനി ക്യുആർ കോഡിലൂടെ
കുവൈത്ത് : കുവൈത്തിലെ കടകൾ, കഫേകൾ, റെസ്റ്ററന്റുകൾ തുടങ്ങിയ വ്യാപാര സ്ഥാപനങ്ങളിൽ ലൈസൻസുകൾ പ്രദർശിപ്പിക്കുന്ന രീതിയിൽ മാറ്റം വരുന്നു. വിവിധ സർക്കാർ വകുപ്പുകളിൽനിന്ന് ലഭിക്കുന്ന ലൈസൻസുകൾ പ്രത്യേകം സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കേണ്ട നിലവിലെ രീതിക്ക് പകരം ഒറ്റ സ്മാർട്ട് ക്യുആർ കോഡ് ഉപയോഗിച്ച് വിവരങ്ങൾ പരിശോധിക്കുന്ന സംവിധാനം ശക്തിപ്പെടുത്താനാണ് നീക്കം.
2025ൽ ആരംഭിച്ച സ്മാർട്ട് ലൈസൻസ് പദ്ധതിയാണ് കൂടുതൽ വ്യാപകമാക്കുന്നത്. ലൈസൻസിലുള്ള ക്യുആർ കോഡ് സ്കാൻ ചെയ്താൽ സ്ഥാപനത്തിന്റെ അനുമതികളും മറ്റ് ലൈസൻസ് വിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ഡിജിറ്റലായി പരിശോധിക്കാൻ കഴിയും. ഇതിലൂടെ പരിശോധനാ നടപടികൾ കൂടുതൽ വേഗത്തിലാക്കാനാകുമെന്നാണ് പ്രതീക്ഷ.
വാണിജ്യ വ്യവസായ മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി, ഫയർ ഫോഴ്സ്, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, ഭക്ഷ്യ-പോഷകാഹാര അതോറിറ്റി തുടങ്ങി ഒൻപത് സർക്കാർ സ്ഥാപനങ്ങൾ പദ്ധതിയുടെ ഭാഗമാണ്. പേപ്പർ രേഖകളുടെ ഉപയോഗം കുറയ്ക്കുന്നതിനും സർക്കാർ പരിശോധനകൾ കൂടുതൽ സുതാര്യമാക്കുന്നതിനും ഈ മാറ്റം സഹായിക്കും. അതേസമയം ജീവനക്കാരുടെ ജോലി സമയം, വിശ്രമ ഇടവേളകൾ, അവധി ദിവസങ്ങൾ തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന നിലവിലെ വ്യവസ്ഥകൾ തുടരും.
.jpg)

