കുവൈറ്റില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പുതിയ നിബന്ധന; 10 ദിനാറിലധികം ഫീസ് പണമായി വാങ്ങരുത്
ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഹോം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്.
കുവൈറ്റിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ സാമ്പത്തിക ഇടപാടുകളില്‍ കര്‍ശന നിയന്ത്രണങ്ങളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. സ്വകാര്യ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ 10 കുവൈത്തി ദിനാറില്‍ കൂടുതലുള്ള ചികിത്സാ ഫീസുകള്‍ ഇനി മുതല്‍ പണമായി സ്വീകരിക്കാന്‍ പാടില്ല. ഇതില്‍ കൂടുതലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ബാങ്കിങ് ചാനലുകള്‍ വഴിയോ അല്ലെങ്കില്‍ ഡിജിറ്റല്‍-ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലൂടെയോ മാത്രമേ നടത്താവൂ എന്നാണ് മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദ്ദേശം.
ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ സെന്ററുകള്‍, ക്ലിനിക്കുകള്‍, ഹോം ഹെല്‍ത്ത് കെയര്‍ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങള്‍ക്കും ഈ പുതിയ ഉത്തരവ് ബാധകമാണ്. ഒരൊറ്റ ഇടപാടിലോ അല്ലെങ്കില്‍ വിവിധ സേവനഫീസുകള്‍ ചേര്‍ത്തോ 10 കുവൈറ്റ് ദിനാറില്‍ കൂടുതല്‍ തുക വരികയാണെങ്കില്‍ അത് പണമായി ഈടാക്കാന്‍ ഇനി ഒട്ടും അനുമതിയില്ല. ഇത്തരം നിരക്കുകളെല്ലാം കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ചിട്ടുള്ള ഇലക്ട്രോണിക് സംവിധാനങ്ങള്‍ വഴി തന്നെ സ്വീകരിക്കണം.
സാമ്പത്തിക ഇടപാടുകളില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കുക, ധനകാര്യ ക്രമീകരണങ്ങള്‍ ശക്തമാക്കുക, ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് വാണിജ്യ-വ്യവസായ മന്ത്രാലയം ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. വിപണിയിലെ കള്ളപ്പണ ഇടപാടുകളും നികുതി വെട്ടിപ്പുകളും തടയാനും ഈ ഡിജിറ്റല്‍വത്ക്കരണം സഹായിക്കുമെന്നാണ് വിലയിരുത്തല്‍.
.jpg)

