കുവൈത്ത് - സൗദി അതിര്‍ത്തികളെ ബന്ധിപ്പിച്ച് പുതിയ ബസ് സര്‍വീസ്
രണ്ട് റൂട്ടുകളിലുമായി ആകെ 12 ഷെഡ്യൂള്‍ഡ് സർവീസുകളാണ് പ്രതിദിനം സജ്ജീകരിച്ചിരിക്കുന്നത്.
റിയാദ്: കുവൈത്ത് അതിർത്തികളായ ഖഫ്ജി, റുഖി, എന്നിവയെ സൗദിയിലെ പ്രധാന വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് പുതിയ സർവീസുകള്‍. കുവൈത്തില്‍ നിന്നും കരമാർഗം സൗദി അറേബ്യയിലേക്ക് എത്തുന്ന യാത്രക്കാർക്കായി രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി ആരംഭിച്ചതായി സൗദി ജനറല്‍ അതോറിറ്റി ഫോർ ട്രാൻസ്പോർട്ട് അറിയിച്ചു.
ഖഫ്ജി അതിർത്തിയില്‍ നിന്നും ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് ഒരു റൂട്ട്. റുഖി അതിർത്തിയില്‍ നിന്നും ഖൈസുമയിലെ ഖൈസുമ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് രണ്ടാമത്തെ റൂട്ട്. ഓരോ റൂട്ടിലും ഇരുവശങ്ങളിലേക്കുമായി പ്രതിദിനം 6 നേരിട്ടുള്ള സർവീസുകള്‍ വീതമുണ്ടാകും.
രണ്ട് റൂട്ടുകളിലുമായി ആകെ 12 ഷെഡ്യൂള്‍ഡ് സർവീസുകളാണ് പ്രതിദിനം സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാർക്ക് കൂടുതല്‍ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും അതിർത്തി കടന്നെത്തുന്നവർക്ക് വിമാനത്താവളങ്ങളിലേക്കുള്ള യാത്ര സുഗമമാക്കുന്നതിനുമാണ് ഈ നടപടി.
.jpg)


