ഇസ്രയേലിനെതിരായി പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ വാദം; പൂര്‍ണമായി നിഷേധിച്ച് ഖത്തര്‍

qatar

ഇസ്രയേലിനെതിരായി ആഗോള തലത്തില്‍ പൊതുജനവികാരം വളര്‍ത്താന്‍ ഖത്തര്‍ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ വാദം ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി ഖണ്ഡിച്ചു.

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഖത്തറിനെതിരെ നടത്തിയത് യാഥാര്‍ത്ഥ്യങ്ങളുമായി ബന്ധമില്ലാത്ത ആരോപണങ്ങളാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. ഇസ്രയേലിനെതിരായി ആഗോള തലത്തില്‍ പൊതുജനവികാരം വളര്‍ത്താന്‍ ഖത്തര്‍ പ്രചാരണം നടത്തുന്നുവെന്ന നെതന്യാഹുവിന്റെ വാദം ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി ഖണ്ഡിച്ചു.

പലസ്തീന്‍ മണ്ണില്‍ ഇസ്രയേല്‍ സൈന്യം നടത്തുന്ന ക്രൂരതകളില്‍ നിന്നും മാനുഷിക ദുരന്തങ്ങളില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ പ്രചാരണങ്ങളിലൂടെ ഇസ്രയേല്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇസ്രയേലിനെതിരെ പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ ഉണ്ടായ വികാരം ഖത്തറിന്റെ സ്വാധീനം മൂലമാണെന്ന വാദം തെറ്റാണ്. തത്സമയം കാര്യങ്ങള്‍ കണ്ടറിയുന്ന പുതിയ തലമുറ, യാഥാര്‍ത്ഥ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സ്വന്തം നിലപാടുകള്‍ രൂപീകരിക്കുന്നത്.

രാജ്യത്തെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് മാറണമെങ്കില്‍ വിദേശ രാജ്യങ്ങളെ കുറ്റപ്പെടുത്തുന്നതിന് പകരം ഇസ്രയേല്‍ സ്വന്തം നയങ്ങള്‍ തിരുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെ ബഹുമാനിക്കുകയും വേണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഖത്തറും തുര്‍ക്കിയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇസ്രായേലിനും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ കോടികള്‍ ചെലവഴിക്കുന്നുവെന്നായിരുന്നു പ്രസംഗത്തില്‍ നെതന്യാഹു ആരോപിച്ചത്. ഹമാസ് നേതാക്കള്‍ക്ക് അഭയം നല്‍കുന്നുവെന്ന ആരോപണവും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെതിരെയുള്ള പരാമര്‍ശങ്ങളും ഇതിന്റെ ഭാഗമായി നെതന്യാഹു ഉന്നയിച്ചിരുന്നു.

Tags