10,000ത്തിലധികം ഡ്രൈവറില്ലാ ടാക്‌സികളും ഡെലിവറി വാനുകളും; ഗതാഗത മേഖലയെ കൂടുതല്‍ സ്മാര്‍ട്ട് ആക്കാന്‍ യുഎഇ

uae

പദ്ധതി യാഥാര്‍ഥ്യമായാല്‍ ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വയം നിയന്ത്രിത ടാക്‌സികളും വാനുകളും വിന്യസിക്കുന്ന രാജ്യമായി യുഎഇ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഗതാഗത മേഖലയെ കൂടുതല്‍ സ്മാര്‍ട്ടും സുരക്ഷിതവും കാര്യക്ഷമവും ആക്കുന്നതിനായി അടുത്ത വര്‍ഷം രാജ്യത്തുടനീളം 10,000ത്തിലധികം ഡ്രൈവറില്ലാ ടാക്‌സികളും ഡെലിവറി വാനുകളും നിരത്തിലിറങ്ങുമെന്ന് യുഎഇ. നഗരങ്ങളിലെ യാത്രാ സംവിധാനത്തിലും ചരക്ക് വിതരണ മേഖലയിലും വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കുന്ന പദ്ധതിയാണിതെന്ന് യുഎഇ അഡ്വാന്‍സ്ഡ് ടെക്നോളജി റിസര്‍ച്ച് കൗണ്‍സിലിന്റെ സെക്രട്ടറി ജനറലായ ഫൈസല്‍ അല്‍ ബന്നായി പറഞ്ഞു.

അബുദാബിയില്‍ നടക്കുന്ന 'എഐ എവരിതിങ് അബുദാബി ' സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ നൂറുകണക്കിന് വാഹനങ്ങളുള്ള സ്വയം നിയന്ത്രിത ഗതാഗത സംവിധാനം, അടുത്ത വര്‍ഷം ആയിരക്കണക്കിന് വാഹനങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി യാഥാര്‍ഥ്യമായാല്‍ ചൈനയ്ക്ക് പുറത്തുള്ള ലോകത്തിലെ ഏറ്റവും വലിയ സ്വയം നിയന്ത്രിത ടാക്‌സികളും വാനുകളും വിന്യസിക്കുന്ന രാജ്യമായി യുഎഇ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിലവില്‍ അബുദാബിയിലും ദുബായിലും പരിമിത തോതില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാപക വിന്യാസത്തിന് മുമ്പ് സാങ്കേതിക സംവിധാനങ്ങള്‍ പരീക്ഷണങ്ങളും സുരക്ഷാ പരിശോധനകളും വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം പറഞ്ഞു. ഈ വര്‍ഷം ആദ്യം അബുദാബിയിലെ യാസ് ദ്വീപില്‍ ലെവല്‍ 4 സ്വയം നിയന്ത്രിത ടാക്‌സി സേവനങ്ങള്‍ വിപുലീകരിച്ചിരുന്നു. കൂടാതെ ദുബായില്‍ ഉം സുഖൈം, ജുമൈറ മേഖലകള്‍ ഉള്‍പ്പെടെ ചില പ്രദേശങ്ങളില്‍ വാണിജ്യാടിസ്ഥാനത്തില്‍ ഡ്രൈവറില്ലാ ടാക്‌സി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

Tags