ദാഹിറയില്‍ കൂടുതല്‍ പൊതു പാര്‍ക്കുകളും ആരോഗ്യ നടപ്പാതകളും ഒരുങ്ങുന്നു

oman

ഏറ്റവും കൂടുതല്‍ വിനോദ സൗകര്യങ്ങളുള്ളത് ഇബ്രിയിലാണ്.

ഒമാനിലെ ദാഹിറ ഗവര്‍ണറേറ്റില്‍ ജനങ്ങളുടെ നഗരജീവിത നിലവാരം ഉയര്‍ത്തുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി വന്‍തോതിലുള്ള ഹരിതവത്ക്കരണ പദ്ധതികള്‍ പുരോഗമിക്കുന്നു. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി പാര്‍ക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, വ്യായാമത്തിനായുള്ള ആരോഗ്യ നടപ്പാതകള്‍ എന്നിവ വികസിപ്പിക്കുന്ന ജോലികള്‍ക്കാണ് ഇവിടെ മുന്‍ഗണന നല്‍കുന്നത്. രാജ്യത്തിന്റെ സുസ്ഥിര നഗരവികസനം ലക്ഷ്യമിട്ടുള്ള 'ഒമാന്‍ വിഷന്‍ 2040'-ന്റെ ഭാഗമായാണ് ഈ പദ്ധതികള്‍ നടപ്പിലാക്കുന്നത്.

നിലവില്‍ 1.73 ലക്ഷത്തിലേറെ ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലായി 21 പാര്‍ക്കുകളും വിനോദകേന്ദ്രങ്ങളും 9.8 കിലോമീറ്റര്‍ നീളമുള്ള നടപ്പാതകളും ദാഹിറയിലുണ്ടെന്ന് ബലദിയ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ നസീര്‍ ബിന്‍ അലി അല്‍ സിയാബി അറിയിച്ചു. ഇതില്‍ ഏറ്റവും കൂടുതല്‍ വിനോദ സൗകര്യങ്ങളുള്ളത് ഇബ്രിയിലാണ്. 85,901 ചതുരശ്ര മീറ്ററിലായി വ്യാപിച്ച് കിടക്കുന്ന അഞ്ച് പൊതു പാര്‍ക്കുകള്‍, 6,100 മീറ്റര്‍ നീളമുള്ള നാല് നടപ്പാതകള്‍, കുട്ടികളുടെ പ്രത്യേക പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടെ 14 കേന്ദ്രങ്ങളാണ് ഇബ്രിയിലുള്ളത്.

യാന്‍ഖൂല്‍ വിലായത്തില്‍ ഗവര്‍ണറേറ്റിലെ പ്രമുഖ പാര്‍ക്കുകളിലൊന്നായ 'യന്‍ഖല്‍ പബ്ലിക് പാര്‍ക്കും' (52,000 ചതുരശ്ര മീറ്റര്‍) 2,500 മീറ്റര്‍ നടപ്പാതകളുമുണ്ട്. ദങ്ക് വിലായത്തില്‍ 20,988 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പബ്ലിക് പാര്‍ക്കിനും നടപ്പാതകള്‍ക്കും പുറമെ പ്രകൃതിമനോഹരമായ 'ഖറാഹ് സിത്താ അല നാച്ചുറല്‍ പാര്‍ക്കും' ജനങ്ങള്‍ക്ക് വേറിട്ട അനുഭവമാകുന്നു.

Tags