ഇന്ത്യയിലേക്കുള്ള പണമിടപാടുകള്‍ തടസ്സപ്പെട്ടേക്കാം; പ്രവാസികള്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് യുഎഇ

bank

അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പണം മുന്‍കൂട്ടി അയക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് ബാങ്കിംഗ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്ന പ്രവാസികള്‍ക്ക് ഈ മാസം അവസാനത്തോടെ പണമിടപാടുകളില്‍ കാലതാമസം നേരിട്ടേക്കാം. ബാങ്ക് യൂണിയനുകളുടെ രാജ്യവ്യാപക പണിമുടക്ക് കാരണം സെപ്റ്റംബര്‍ 28 മുതല്‍ 30 വരെ ഇന്ത്യയിലെ ബാങ്കിംഗ് സേവനങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുള്ളതിനാലാണിത്. അതിനാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പണം മുന്‍കൂട്ടി അയക്കാന്‍ പ്രവാസികള്‍ ശ്രദ്ധിക്കണമെന്ന് ബാങ്കിംഗ് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

ബാങ്ക് ജീവനക്കാരുടെ പ്രമുഖ സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തിലാണ് മൂന്ന് ദിവസത്തെ സമരം നടക്കുന്നത്. ആഴ്ചയില്‍ 5 ദിവസത്തെ പ്രവൃത്തിദിനം അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ നേരിട്ടുള്ള പരിശോധനയും പ്രോസസ്സിംഗും ആവശ്യമുള്ള അന്താരാഷ്ട്ര പണമിടപാടുകളെയായിരിക്കും സമരം പ്രധാനമായും ബാധിക്കുക.

സെപ്റ്റംബര്‍ 26 ശനിയാഴ്ച ബാങ്കുകള്‍ക്ക് സാധാരണ അവധിയാണ്. തുടര്‍ന്നുള്ള ദിവസങ്ങളിലാണ് സമരം നടക്കുന്നത്. എന്നാല്‍ ഇടപാടുകാരുടെയും പ്രവാസികളുടെയും ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കുന്നതിനായി റിസര്‍വ് ബാങ്കും ധനമന്ത്രാലയവും ഇടപെട്ട് സെപ്റ്റംബര്‍ 27 ഞായറാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കാന്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.

സമര ദിവസങ്ങളിലും എടിഎം, യുപിഐ, മൊബൈല്‍ ബാങ്കിംഗ്, ഇന്റര്‍നെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റല്‍ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാകുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags