പശ്ചിമേഷ്യന്‍ പ്രതിസന്ധി; ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് യാത്ര പ്രതിസന്ധി തുടരുന്നു
പ്രധാനമായും ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളെയാണ് ഈ മാറ്റങ്ങള്‍ ബാധിച്ചിരിക്കുന്നത്.
പശ്ചിമേഷ്യയില്‍ പ്രാദേശിക സംഘര്‍ഷാവസ്ഥ രൂക്ഷമായി തുടരുന്നതിനിടെ യുഎഇയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് തടസ്സം നേരിടുന്നു. സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി എമിറേറ്റ്സ്, ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈദുബായ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികള്‍ ചില സര്‍വീസുകള്‍ റദ്ദാക്കുകയും മറ്റ് ചിലതിന്റെ സമയക്രമം മാറ്റുകയും ചെയ്തു. പ്രധാനമായും ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങളെയാണ് ഈ മാറ്റങ്ങള്‍ ബാധിച്ചിരിക്കുന്നത്.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ദുബായില്‍ നിന്ന് ബഹ്റൈനിലേക്കുള്ള രണ്ട് സര്‍വീസുകള്‍ എമിറേറ്റ്സ് റദ്ദാക്കിയിട്ടുണ്ട്. അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇത്തിഹാദ് എയര്‍വേസ് ടെല്‍ അവീവില്‍ നിന്നുള്ള ഒരു സര്‍വീസ് റദ്ദാക്കി. കൂടാതെ, എയര്‍ അറേബ്യയുടെ കുവൈറ്റ്, ബഹ്റൈന്‍ സര്‍വീസുകളിലും മാറ്റങ്ങളുണ്ട്. നിലവില്‍ ഫ്ലൈദുബായ് ഈ റൂട്ടുകളില്‍ കൂടുതല്‍ സര്‍വീസുകളും ഷെഡ്യൂള്‍ പ്രകാരം നടത്തുന്നുണ്ടെങ്കിലും മറ്റ് ചില അന്താരാഷ്ട്ര റൂട്ടുകളില്‍ വിമാനങ്ങള്‍ വൈകാനും റദ്ദാക്കാനും സാധ്യതയുണ്ട്.
മേഖലയിലെ വ്യോമപാതകളുമായി ബന്ധപ്പെട്ട സുരക്ഷാ വിലയിരുത്തലുകള്‍ നിമിഷങ്ങള്‍ക്കുള്ളില്‍ മാറിക്കൊണ്ടിരിക്കുന്നതിനാല്‍ അവസാന നിമിഷവും ഷെഡ്യൂളുകളില്‍ മാറ്റങ്ങള്‍ വരാന്‍ ഇടയുണ്ട്. അതിനാല്‍ ടിക്കറ്റ് കൈവശമുണ്ടെങ്കിലും യാത്ര ഉറപ്പാണെന്ന് കരുതരുത് എന്ന് വിമാനക്കമ്പനികള്‍ മുന്നറിയിപ്പ് നല്കുന്നു. ദുബായ്, അബുദാബി തുടങ്ങിയ വിമാനത്താവളങ്ങളില്‍ എത്തുന്നതിന് മുന്‍പ് തന്നെ സര്‍വീസുകള്‍ കൃത്യമായി നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്.
.jpg)

