ബഹ്റൈനില്‍ ഉച്ചവിശ്രമ നിയമം വിജയം; ചട്ടങ്ങള്‍ പാലിച്ച് സ്വകാര്യ സ്ഥാപനങ്ങള്‍

bahrain

ബോധവത്കരണ പരിപാടികള്‍ വലിയ വിജയമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ബഹ്റൈനില്‍ വേനല്‍ക്കാല ഉച്ചവിശ്രമ തൊഴില്‍വിലക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ കൃത്യമായി പാലിക്കുന്നതായി റിപ്പോര്‍ട്ട്. നിയമം കര്‍ശനമായി നടപ്പാക്കിയതോടെ തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവില്‍ പൊതുമരാമത്ത് മന്ത്രാലയത്തിന് കീഴിലുള്ള പദ്ധതികളിലൊന്നും തന്നെ അപകട മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ബോധവത്കരണ പരിപാടികള്‍ വലിയ വിജയമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ച് ബഹ്റൈന്‍ ഫ്രീ ട്രേഡ് യൂണിയന്‍ ഫെഡറേഷന്‍ നടത്തിയ ശക്തമായ ബോധവത്കരണവും ഫീല്‍ഡ് പരിശോധനകളുമാണ് നിയമം ഇത്രയും ഫലപ്രദമാകാന്‍ കാരണം. 'ഫ്രീ ട്രേഡ് യൂണിയന്‍ ഫോര്‍ സേഫ്റ്റി ഇന്‍ സമ്മര്‍' ക്യാമ്പയിന്റെ ഭാഗമായി മന്ത്രാലയത്തിന്റെ വാട്ടര്‍ഫ്രണ്ട് വികസന പദ്ധതിയിലെ 150-ലധികം തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. കടുത്ത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, സൂര്യാഘാതം തടയല്‍, അടിയന്തര സാഹചര്യങ്ങള്‍ നേരിടല്‍ എന്നിവയിലാണ് തൊഴിലാളികള്‍ക്ക് പ്രായോഗിക അറിവ് പകര്‍ന്നു നല്‍കിയത്.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരിശോധനകള്‍ ഇത്തവണ മന്ത്രാലയം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം അഞ്ചായിരുന്ന ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ ഇത്തവണ പത്തായി വര്‍ദ്ധിപ്പിച്ചതായി പൊതുമരാമത്ത് മന്ത്രാലയം അന്താരാഷ്ട്ര ബന്ധ വിഭാഗം മേധാവി ജമാല്‍ അല്‍ ഹൈകി അറിയിച്ചു. 

Tags