സൗദിയിൽ തടവുശിക്ഷ അനുഭവിക്കുകയായിരുന്ന മലയാളി അർബുദ ബാധയെ തുടർന്ന് മരിച്ചു
റിയാദ്: സൗദി അറേബ്യയിൽ ഏഴുവർഷം തടവുശിക്ഷ അനുഭവിച്ചുവരികയായിരുന്ന മലയാളി രോഗബാധയെത്തുടർന്ന് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സജീദ് ജമാലുദ്ധീൻ (42) ആണ് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. എട്ടുവർഷത്തോളമായി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന സജീദ്, റിയാദിൽ വെച്ച് നടന്ന വാഹനപരിശോധനയിൽ നിരോധിത വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റിലായത്. കേസിൽ നിരപരാധിത്വം തെളിയിക്കാൻ സാധിക്കാതെ വന്നതോടെ കോടതി ഇദ്ദേഹത്തിന് ഏഴുവർഷത്തെ തടവുശിക്ഷ വിധിക്കുകയായിരുന്നു.
ശിക്ഷാകാലയളവിലെ ആദ്യവർഷത്തിൽ ജയിലിൽ വെച്ച് രക്തം ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കരൾ അർബുദമാണെന്ന് സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് അവസാന രണ്ട് മാസത്തോളം റിയാദ് കിങ് സൗദ് മെഡിക്കൽ സിറ്റിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അമ്മയും രണ്ട് സഹോദരിമാരുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സജീദ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾക്കാവശ്യമായ സാമ്പത്തിക സഹായം റിയാദിലെ ഇന്ത്യൻ എംബസി ലഭ്യമാക്കി. നടപടികൾ പൂർത്തിയായ മൃതദേഹം ദമാം വഴി നാട്ടിലേക്ക് അയക്കും.
.jpg)

