70 വയസിന് മുകളിലുള്ള പ്രവാസികളെ പിരിച്ചു വിടും; കടുത്ത നിലപാടുമായി കുവൈത്ത്
കുവൈത്ത് : സ്വദേശിവൽക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്തിൽ സഹകരണ മേഖലയിലുള്ള 70 വയസ്സും അതിനുമുകളിലുമുള്ള എല്ലാ വിദേശി ജീവനക്കാരെയും 30 ദിവസത്തിനകം പിരിച്ചുവിടാൻ സർക്കാർ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കുവൈത്ത് സാമൂഹിക കാര്യ മന്ത്രാലയമാണ് സഹകരണ സംഘങ്ങൾക്ക് നൽകിയത്.ഇതോടെ 70 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ള എല്ലാ പ്രവാസികൾക്കും രാജ്യം വിടേണ്ടി വരും. സഹകരണ സംഘങ്ങൾ ഇത് സംബന്ധിച്ച നിയമപരമായ നടപടികൾ 30 ദിവസത്തിനുള്ളിൽ പൂർത്തിയാക്കണം. പിരിച്ചുവിടപ്പെടുന്നവർക്ക് സർവീസ് ആനുകൂല്യങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും പൂർണ്ണമായി നൽകണമെന്നും പിരിച്ചു വിട്ട ജീവനക്കാരുടെ പട്ടിക മന്ത്രാലയത്തിന് കൈമാറണം എന്നും ഉത്തരവിൽ പറയുന്നു.
പുതിയ ഉത്തരവ് നടപ്പിലാക്കുന്നതോടെ രാജ്യത്തെ സൂപ്പർവൈസർ തലത്തിലുള്ള തസ്തികകളിൽ ഒഴിവുകൾ വരുമെന്നും ഈ ഒഴിവിലേക്ക് കുവൈത്ത് സ്വദേശികൾക്ക് നിയമനം നൽകാം എന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ. മുൻകാലങ്ങളിൽ ഭരണസമിതിയിലെ വ്യക്തിബന്ധങ്ങളുടെയോ തെരഞ്ഞെടുപ്പ് താൽപ്പര്യങ്ങളുടെയോ അടിസ്ഥാനത്തിൽ നടന്ന നിയമനങ്ങൾ ഒഴിവാക്കി സഹകരണ മേഖലയിലെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്.
.jpg)

