കുവൈത്തിൽ കടുത്ത ചൂടും പൊടിക്കാറ്റും

Summer heat rises in the UAE; Temperatures reach 40 degrees

കുവൈത്ത് സിറ്റി: കുവൈത്തിൽ അതിതീവ്രമായ ചൂടിനും വരണ്ട കാലാവസ്ഥയ്ക്കും കാരണമാകുന്ന 'അൽ-സമൂം' ഉഷ്ണക്കാറ്റ് വീശിയടിക്കുന്നതായി അൽ അജീരി സയന്റിഫിക് സെന്റർ മുന്നറിയിപ്പ് നൽകി. മേഖലയിലെ വാർഷിക വേനൽക്കാല കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായുള്ള ഈ കാറ്റ് മൂലം രാജ്യത്തെ താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. കടുത്ത ചൂടിനൊപ്പം അന്തരീക്ഷത്തിൽ ശക്തമായ പൊടിക്കാറ്റ് ഉയരുന്നതിനാൽ പലയിടങ്ങളിലും കാഴ്ചപരിധി കുറയാൻ സാധ്യതയുണ്ട്.

വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതോടെ തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റ് രൂക്ഷമാകുമെന്ന് കുവൈത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ 49 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു. കടുത്ത വേനൽച്ചൂട് തുടരുന്നതിനിടയിലാണ് അൽ-സമൂം കാറ്റിന്റെ വരവ് പ്രതിസന്ധി വർധിപ്പിക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങളും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അൽ-അജീരി സയന്റിഫിക് സെന്റർ നിർദ്ദേശിച്ചു.

ഉച്ചസമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, പൊടിക്കാറ്റുള്ള സമയങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നിവ പ്രധാനമാണ്. കാറ്റ് മൂലം കാഴ്ചപരിധി കുറയാൻ സാധ്യതയുള്ളതിനാൽ ദീർഘദൂര യാത്ര ചെയ്യുന്നവരും തുറസ്സായ മേഖലകളിലൂടെ സഞ്ചരിക്കുന്ന വാഹന ഡ്രൈവർമാരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Tags