കുവൈത്തില്‍ മദ്യനിര്‍മാണ കേന്ദ്രത്തില്‍ റെയ്‍ഡ്; മൂന്ന് പേര്‍ പിടിയില്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യം നിര്‍മിച്ചിരുന്ന രഹസ്യ കേന്ദ്രത്തില്‍ അധികൃതരുടെ പരിശോധന. ഇവിടെയുണ്ടായിരുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്‍തു. വിവിധ വകുപ്പുകള്‍ സംയുക്തമായാണ് അല്‍ അഹ്‍മദി ഗവര്‍ണറേറ്റിലെ മദ്യ നിര്‍മാണ കേന്ദ്രത്തില്‍ പരിശോധന നടത്താനെത്തിയത്.
ബോട്ടിലുകളില്‍ നിറച്ചിരുന്ന മദ്യത്തിന് പുറമെ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലായിരുന്ന 20 ബാരല്‍ അസംസ്‍കൃത വസ്‍തുക്കളും മദ്യ നിര്‍മാണത്തിന് ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരെ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. കെട്ടിടത്തിലേക്കുള്ള കുടിവെള്ള, വൈദ്യുതി കണക്ഷനുകള്‍ വൈദ്യുതി - ജല മന്ത്രാലയം ഉദ്യോഗസ്ഥര്‍ വിച്ഛേദിച്ചു. രാജ്യത്തെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട നേട്ടമായിരുന്നു ഈ പരിശോധനയെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.