ഹജ്ജ് ക്യാമ്പയിനുകളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും സെലിബ്രിറ്റികള്‍ക്കും നിയന്ത്രണങ്ങളുമായി കുവൈറ്റ്

hajj

ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കുവൈറ്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം ലൈസന്‍സുള്ള ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്.

ഹജ്ജ് ക്യാമ്പയിനുകളിലെ മാധ്യമപ്രവര്‍ത്തകരുടെയും സെലിബ്രിറ്റികളുടെയും പങ്കാളിത്തത്തിന് പുതിയ നിയന്ത്രണങ്ങളുമായി കുവൈറ്റ്. ഹജ്ജ് സീസണില്‍ സൗദിയില്‍ കഴിയുമ്പോള്‍ ഹജ്ജ് സേവന കമ്പനികളുടെ വാണിജ്യ പ്രചാരണത്തിനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി.

1448 ഹിജ്‌റ വര്‍ഷത്തെ ഹജ്ജ് സീസണിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് കുവൈറ്റ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം ലൈസന്‍സുള്ള ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കിയത്. ഹജ്ജ് സീസണില്‍ പങ്കെടുക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ നിര്‍ബന്ധമായും കുവൈറ്റിലെ ഔദ്യോഗിക ഹജ്ജ് മിഷന്‍ മാധ്യമ സംഘത്തിന്റെ ഭാഗമായിരിക്കണം. എന്നാല്‍ ഇവരെ കുവൈറ്റിലെ ഹജ്ജ് കമ്പനികളുടെ ഭരണപരമോ സംഘടനാപരമോ ആയ ജീവനക്കാരായി ഉള്‍പ്പെടുത്തില്ല എന്നും അധികൃതര്‍ അറിയിച്ചു. ഹജ്ജ് ക്യാമ്പയിനുകളോടൊപ്പം യാത്ര ചെയ്യുന്ന സെലിബ്രിറ്റികള്‍ക്കും ഇതേ നിയന്ത്രണങ്ങള്‍ ബാധകമാണ്. ഹജ്ജ് സംഘങ്ങളോടൊപ്പം യാത്ര ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെയും പൊതുപ്രവര്‍ത്തകരുടെയും ഉത്തരവാദിത്തങ്ങളില്‍ വ്യക്തമായ വേര്‍തിരിവ് ഉറപ്പാക്കാനാണ് ഈ നടപടിയെന്നും മന്ത്രാലയം വ്യക്തമാക്കി.

ഹജ്ജ് സീസണില്‍ സൗദിയില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകരും സെലിബ്രിറ്റികളും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഹജ്ജ് കമ്പനികളെ പ്രമോട്ട് ചെയ്യുന്നതിനും വിലക്കുണ്ട്. ഹജ്ജ് ക്യാമ്പയിനുകളോടൊപ്പം യാത്ര ചെയ്യുന്ന ജീവനക്കാരുടെ പട്ടിക തയ്യാറാക്കുമ്പോള്‍ പുതിയ നിബന്ധനകള്‍ പാലിക്കണമെന്നും എല്ലാ ജീവനക്കാരുടെയും ചുമതലകള്‍ നിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പാക്കണമെന്നും ലൈസന്‍സുള്ള ഓപ്പറേറ്റര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

Tags