നായകളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും പുതിയ നിയന്ത്രണവുമായി കുവൈറ്റ്
പൊതുനിരത്തുകളിലും നടപ്പാതകളിലും പാര്‍ക്കുകളിലും നായകളെ കൊണ്ടുപോകുമ്പോള്‍ അവയെ നിയന്ത്രിക്കാന്‍ ബെല്‍റ്റും വായ മൂടുന്ന കവചവും നിര്‍ബന്ധമായും ധരിപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നായകളെ വളര്‍ത്തുന്നതിനും പരിപാലിക്കുന്നതിനും പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈറ്റ്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഒരു മാസം വരെ തടവോ 30 ദിനാറില്‍ കൂടുതല്‍ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കുമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചാണ് പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നത്.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുക, മൃഗസംരക്ഷണം ഉറപ്പുവരുത്തുക, ജനവാസ മേഖലകളിലും പൊതുസ്ഥലങ്ങളിലും ശുചിത്വം നിലനിര്‍ത്തുക എന്നിവയാണ് ഈ നടപടികളുടെ പ്രധാന ലക്ഷ്യം. പുതിയ ഉത്തരവ് പ്രകാരം നായകളെ വളര്‍ത്തുന്നവര്‍ കൃത്യമായ ഔദ്യോഗിക ലൈസന്‍സ് സ്വന്തമാക്കേണ്ടതുണ്ട്. ലൈസന്‍സ് നമ്പറുകള്‍ രേഖപ്പെടുത്തിയ മെറ്റല്‍ ടാഗുകളോട് കൂടിയ കോളറുകള്‍ നായകളുടെ കഴുത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. കൂടാതെ അംഗീകൃത വെറ്റിനറി കേന്ദ്രങ്ങളില്‍ നിന്ന് നായകള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും നിര്‍ബന്ധിത പേവിഷബാധ പ്രതിരോധ കുത്തിവെപ്പുകളും വാര്‍ഷിക ബൂസ്റ്റര്‍ ഡോസുകളും നല്‍കുകയും വേണം.
പൊതുനിരത്തുകളിലും നടപ്പാതകളിലും പാര്‍ക്കുകളിലും നായകളെ കൊണ്ടുപോകുമ്പോള്‍ അവയെ നിയന്ത്രിക്കാന്‍ ബെല്‍റ്റും വായ മൂടുന്ന കവചവും നിര്‍ബന്ധമായും ധരിപ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
.jpg)


