KEAM 2026: ഗൾഫ് മേഖലയിലുള്ള വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാം

KEAM 2026: Students in the Gulf region can change their exam center

തിരുവനന്തപുരം: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത്, കീം 2026 പ്രവേശന പരീക്ഷ എഴുതുന്ന ഗൾഫ് മേഖലയിലെ വിദ്യാർഥികൾക്ക് പരീക്ഷാകേന്ദ്രം മാറ്റാൻ വൺ-ടൈം സൗകര്യം അനുവദിച്ച് പ്രവേശന പരീക്ഷാ കമ്മീഷണർ. യാത്രാതടസ്സങ്ങൾ മൂലം ബുദ്ധിമുട്ടുന്ന വിദ്യാർഥികൾക്ക് വലിയ ആശ്വാസമാകുന്നതാണ് തീരുമാനം.

കേന്ദ്രം മാറ്റാൻ അർഹതയുള്ളവർ:

പരീക്ഷാകേന്ദ്രം മാറ്റുന്നതിനായി സിഇഇ കൃത്യമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:

    യുഎഇ (ഷാർജ) കേന്ദ്രമായി തിരഞ്ഞെടുത്തവർ: നിലവിൽ കേരളത്തിലുള്ള ഇങ്ങനെയുള്ള വിദ്യാർഥികൾക്ക് സംസ്ഥാനത്തെ ഏതെങ്കിലും കേന്ദ്രത്തിലേക്ക് പരീക്ഷ മാറ്റാം.

    കേരളത്തിൽ കേന്ദ്രം തിരഞ്ഞെടുത്തവർ: നിലവിൽ ഗൾഫ് രാജ്യങ്ങളിലുള്ള ഇവർക്ക് പരീക്ഷാകേന്ദ്രം അവിടേക്ക് മാറ്റാവുന്നതാണ്.

    മറ്റ് മാറ്റങ്ങൾ: യുഎഇ കേന്ദ്രമായി ലഭിച്ചവർക്ക് പകരമായി കുവൈത്തോ  ബഹ്‌റൈനോ പരീക്ഷാകേന്ദ്രമായി തിരഞ്ഞെടുക്കാം.

ശ്രദ്ധിക്കുക: പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള സമയപരിധി അവസാനിച്ചാൽ പിന്നീട് യാതൊരു കാരണവശാലും അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്ന് അധികൃതർ വ്യക്തമാക്കി.

അഡ്മിറ്റ് കാർഡ് വൈകും

പരീക്ഷാകേന്ദ്രങ്ങൾ മാറ്റാൻ അനുവദിച്ച സാഹചര്യത്തിൽ, കീം അഡ്മിറ്റ് കാർഡ് വിതരണം ചെയ്യുന്ന തീയതിയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രിൽ 1-ന് ലഭിക്കേണ്ടിയിരുന്ന ഹാൾ ടിക്കറ്റുകൾ ഏപ്രിൽ 8-ന് മാത്രമേ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകൂ.

കേന്ദ്രം മാറ്റേണ്ട വിധം:

അർഹരായ വിദ്യാർഥികൾക്ക് താഴെ പറയുന്ന ഘട്ടങ്ങളിലൂടെ പരീക്ഷാകേന്ദ്രം മാറ്റാം:

    പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് (cee.kerala.gov.in) സന്ദർശിക്കുക.

    'KEAM 2026 - Candidate Portal' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

    ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും നൽകി ലോഗിൻ ചെയ്യുക.

    മെനുവിലെ 'Change Centre' എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് പുതിയ കേന്ദ്രം നൽകി അപേക്ഷ സമർപ്പിക്കുക.

Tags