സൗദിയില്‍ തൊഴില്‍ ഇന്റര്‍വ്യൂ ഫലം 30 ദിവസത്തിനകം അറിയിക്കണം; ലംഘിച്ചാല്‍ ആപ്പ് വഴി പരാതിപ്പെടാം
തൊഴില്‍ അഭിമുഖത്തിന് ശേഷം ഫലം അറിയിക്കാതിരിക്കുന്നത് രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
സൗദി അറേബ്യയില്‍ ജോലി അഭിമുഖങ്ങളിലെ ഇന്റര്‍വ്യൂ ഫലം 30 ദിവസത്തിനകം അറിയിക്കണമെന്ന് മന്ത്രാലയ നിര്‍ദ്ദേശം. നിയമങ്ങള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മന്ത്രാലയത്തിന്റെ ആപ്പ് വഴി പരാതിപ്പെടാം. തൊഴില്‍ അഭിമുഖത്തിന് ശേഷം ഫലം അറിയിക്കാതിരിക്കുന്നത് രാജ്യത്തെ തൊഴില്‍ നിയമങ്ങളുടെ ലംഘനമാണെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
സൗദിയില്‍ തൊഴില്‍ അഭിമുഖം പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് 30 ദിവസത്തിനകം ഫലം ലഭ്യമാക്കണം. മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം എക്സിലൂടെയാണ് ഈ നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. അഭിമുഖത്തിന് ശേഷം ഫലം അറിയിക്കാതിരിക്കുന്നത് തൊഴില്‍ വിപണി ചട്ടങ്ങളുടെ ലംഘനമായി കണക്കാക്കും.
തൊഴിലവസരങ്ങള്‍ പരസ്യപ്പെടുത്തുന്നതിലും അഭിമുഖങ്ങള്‍ നടത്തുന്നതിലും നിശ്ചിത വ്യവസ്ഥകള്‍ പാലിക്കണം. ഒഴിവുകളുടെ പരസ്യം മുതല്‍ ഫലം പ്രഖ്യാപിക്കുന്നത് വരെയുള്ള നടപടികള്‍ സുതാര്യമായിരിക്കണം. നിയമങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ മന്ത്രാലയത്തിന്റെ ആപ്പ് വഴി പരാതി നല്‍കാം. ആപ്പിലെ ലേബര്‍ സിസ്റ്റം വയലേഷന്‍സ് വിഭാഗത്തില്‍ നിന്നാണ് പരാതി രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് ജനറല്‍ ഒബ്ലിക്കേഷന്‍സ് തിരഞ്ഞെടുത്ത് സ്ഥാപനങ്ങള്‍ക്കെതിരായ ലംഘനം ചൂണ്ടിക്കാണിക്കാം.
തൊഴില്‍ ഒഴിവുകളുടെ പരസ്യത്തിലും അഭിമുഖത്തിലും ക്രമക്കേട് കാട്ടുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. ഓഗസ്റ്റ് മാസത്തിലും മന്ത്രാലയം ഇതുസംബന്ധിച്ച് സമാനമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു.
.jpg)

