ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു

ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു
ദോഹ : ജിദ്ദയിൽ നടന്ന അറബ് ലീഗ് ഉച്ചകോടിയിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി പങ്കെടുത്തു. ഉച്ചകോടിയിൽ പങ്കെടുക്കാനായി രാവിലെയാണ് അമീർ ഉന്നത തല സംഘത്തിനൊപ്പം സൗദിയിലെത്തിയത്. കിങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ വിമാനത്താവളത്തിൽ മക്ക ഡെപ്യൂട്ടി ഗവർണർ പ്രിൻസ് ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, സൗദിയിലെ ഖത്തർ അംബാസഡർ ബന്ദർ ബിൻ മുഹമ്മദ് അൽ അതിയ്യ, ഖത്തറിലെ സൗദി സ്ഥാനപതി പ്രിൻസ് മൻസൂർ ബിൻ ഖാലിദ് ബിൻ ഫർഹാൻ അൽ സൗദ്, എംബസി പ്രതിനിധികൾ എന്നിവർ അമീറിനെയും സംഘത്തെയും സ്വീകരിച്ചു. ഉച്ചയോടെ ആരംഭിച്ച ഉച്ചകോടിയിൽ പങ്കെടുത്തശേഷം അമീർ ദോഹയിലേക്ക് മടങ്ങി.
അറബ് ഉച്ചകോടി മേഖലയുടെ ഐക്യദാര്‍ഢ്യത്തിനും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ക്കും ശക്തിപകരാന്‍ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. ഉച്ചകോടിക്ക് വിജയകരമായ ആതിഥേയത്വം നിര്‍വഹിച്ച സൗദി അറേബ്യക്കുള്ള അഭിനന്ദനം അറിയിച്ചതിനൊപ്പം ഗള്‍ഫിന്റെ ഐക്യദാര്‍ഢ്യത്തിന് ശക്തിപകരാന്‍ ഉച്ചകോടിയുടെ ഫലങ്ങള്‍ സഹായകരമാകുമെന്ന് അമീര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
ഉച്ചകോടിക്ക് വേദിയൊരുക്കിയ സൗദിയെ അഭിനന്ദിച്ച അമീർ, സ്വീകരണത്തിന് നന്ദി അറിയിച്ചു. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവ്, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് എന്നിവർക്ക് അമീർ നന്ദി അറിയിച്ചു. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ബിന്‍ ജാസിം ആൽഥാനി, മന്ത്രിമാര്‍ ഉൾപ്പെടെയുള്ള പ്രതിനിധി സംഘവും അമീറിനൊപ്പമുണ്ടായിരുന്നു.