രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം; കുവൈത്ത് പവര്‍ പ്ലാന്റില്‍ വീണ്ടും തീപിടിത്തം
തുടര്‍ച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉല്‍പ്പാദന യൂണിറ്റുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.
കുവൈത്തിലെ പ്രധാന വൈദ്യുതി-കുടിവെള്ള ഉല്‍പ്പാദന പ്ലാന്റിന് നേരെ രണ്ട് ദിവസത്തിനിടെ രണ്ടാം തവണയും ഇറാന്റെ ആക്രമണം. ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റില്‍ വീണ്ടും വന്‍ തീപിടിത്തമുണ്ടായതായി വൈദ്യുതി, ജലം, പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.തുടര്‍ച്ചയായ ആക്രമണം രാജ്യത്തെ നിരവധി വൈദ്യുതി ഉല്‍പ്പാദന യൂണിറ്റുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് അടിയന്തര കര്‍മ്മപദ്ധതികള്‍ സജീവമാക്കുകയും രാജ്യത്തെ മൊത്തം വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിര്‍ത്താനുള്ള പ്രതിരോധ നടപടികള്‍ അടിയന്തരമായി സ്വീകരിക്കുകയും ചെയ്തു. അപകടമുണ്ടായ ഉടന്‍ തന്നെ എമര്‍ജന്‍സി ടീമുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ സാങ്കേതിക വിഭാഗം പ്ലാന്റിന്റെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ആക്രമണത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താനും, ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തകരാറിലായ യൂണിറ്റുകള്‍ എത്രയും വേഗം പ്രവര്‍ത്തനസജ്ജമാക്കാനുമുള്ള നീക്കങ്ങള്‍ പുരോഗമിക്കുകയാണ്.
രാജ്യത്തെ വൈദ്യുതി വിതരണ സംവിധാനത്തിന്റെ സ്ഥിരത ഉറപ്പാക്കാനും തടസ്സമില്ലാതെ സേവനം നല്‍കാനും സാങ്കേതിക വിദഗ്ധര്‍ ഇരുപത്തിനാല് മണിക്കൂറും സജീവമായി രംഗത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. ഗ്രിഡ് സൂചകങ്ങള്‍ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, പവര്‍ നെറ്റ്വര്‍ക്കിന് ഉണ്ടാകാന്‍ സാധ്യതയുള്ള ആഘാതം പരമാവധി കുറയ്ക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
.jpg)

