ഇറാനിയന്‍ പൈലറ്റുമാരെ രഹസ്യ തടങ്കലില്‍ പാര്‍പ്പിച്ചിട്ടില്ല; ടെഹ്റാന്റെ ആരോപണങ്ങള്‍ തള്ളി ഖത്തര്‍
ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അതൃപ്തി പ്രകടിപ്പിച്ചു.
യുദ്ധവിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് ഇറാനിയന്‍ പൈലറ്റുമാരെ ഖത്തര്‍ രഹസ്യ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന ടെഹ്റാന്റെ ആരോപണങ്ങള്‍ തള്ളി ഖത്തര്‍ വിദേശകാര്യ മന്ത്രാലയം. പൈലറ്റുമാരാരും ജീവനോടെ തങ്ങളുടെ കസ്റ്റഡിയിലില്ലെന്ന് ഖത്തര്‍ വ്യക്തമാക്കി. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനായുള്ള ശക്തമായ നയതന്ത്ര ശ്രമങ്ങള്‍ തുടരുന്നതിനിടെ പുറത്തുവന്ന ഇത്തരം തെറ്റിദ്ധാരണാജനകമായ പ്രസ്താവനകളില്‍ ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മാജിദ് അല്‍ അന്‍സാരി അതൃപ്തി പ്രകടിപ്പിച്ചു.
മാര്‍ച്ചില്‍ സുഖോയ് യുദ്ധവിമാനങ്ങള്‍ തകര്‍ന്നതിനെ തുടര്‍ന്ന് ഖത്തര്‍ മൂന്ന് പൈലറ്റുമാരെ ജീവനോടെ പിടികൂടിയിരുന്നുവെന്നാണ് ഇറാന്റെ ആരോപണം. ഇവര്‍ കഴിഞ്ഞ ആറുമാസമായി കുടുംബാംഗങ്ങളെയോ നയതന്ത്ര പ്രതിനിധികളെയോ ബന്ധപ്പെടാന്‍ കഴിയാതെ അജ്ഞാത തടങ്കലിലാണെന്നും വിഷയത്തില്‍ അന്താരാഷ്ട്ര റെഡ് ക്രോസ് കമ്മിറ്റി ഇടപെടണമെന്നും ഇറാന്‍ ആവശ്യപ്പെട്ടിരുന്നു. ഒരു പൈലറ്റ് കൊല്ലപ്പെട്ടതായും മറ്റുള്ളവരെ കാണാതായതായും ഇറാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും ഇവരെ തടവിലാക്കിയെന്ന ആരോപണം ആദ്യമായാണ് പരസ്യപ്പെടുത്തുന്നത്.
മാര്‍ച്ചില്‍ ഇറാന്‍ യുദ്ധവിമാനങ്ങള്‍ ഖത്തറിന്റെ വ്യോമാതിര്‍ത്തി അനധികൃതമായി ലംഘിച്ചിരുന്നു. തുടര്‍ന്ന് വിമാനങ്ങളുമായി ആശയവിനിമയം നടത്താന്‍ ശ്രമിച്ചെങ്കിലും യാതൊരു പ്രതികരണവും ലഭിച്ചില്ലെന്ന് ദോഹ അറിയിച്ചു. തുടര്‍ന്നാണ് വ്യോമ പ്രതിരോധ സേന വിമാനങ്ങളെ വെടിവെച്ചിട്ടത്. പിന്നാലെ നടത്തിയ തിരച്ചിലില്‍ ഒരു പൈലറ്റിന്റെ മൃതദേഹം കണ്ടെത്തുകയും അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ പാലിച്ച് അത് കൈമാറാന്‍ ഇറാനുമായി ഏകോപനം നടത്തുകയും ചെയ്തിരുന്നു. രക്ഷാപ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ ഏപ്രിലില്‍ ഇറാന്‍ പ്രതിനിധി സംഘത്തെ ക്ഷണിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി.
.jpg)

