ദേശീയ പതാകയെയും ചിഹ്നങ്ങളെയും അപമാനിച്ചാല്‍ മൂന്ന് വര്‍ഷം വരെ തടവ്; നിയമവുമായി ഒമാന്‍

oman

രാജ്യത്തിന്റെ പരമാധികാര ചിഹ്നങ്ങളെ മാനിക്കാനും അവയുടെ അപമാനം തടയാനും ലക്ഷ്യമിട്ടാണ് നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒമാന്റെ ദേശീയ പതാക, ഔദ്യോഗിക ചിഹ്നം, ദേശീയ ഗാനം എന്നിവയുടെ സംരക്ഷണം ശക്തമാക്കുന്നതിനായി 2004-ലെ നിയമത്തില്‍ സുപ്രധാന ഭേദഗതി വരുത്തി ഒമാന്‍ ഭരണകൂടം. രാജ്യത്തിന്റെ പരമാധികാര ചിഹ്നങ്ങളെ മാനിക്കാനും അവയുടെ അപമാനം തടയാനും ലക്ഷ്യമിട്ടാണ് നിയമത്തില്‍ പുതിയ മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദേശീയ ചിഹ്നങ്ങളെ മനഃപൂര്‍വം അപമാനിക്കുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് ഭേദഗതിയില്‍ വ്യവസ്ഥ ചെയ്യുന്നത്. ദേശീയ പതാകയെയോ ഔദ്യോഗിക ചിഹ്നത്തെയോ അവഹേളിക്കുക, പതാക താഴ്ത്തുകയോ നശിപ്പിക്കുകയോ ചെയ്യുക, വിദ്വേഷം പ്രകടിപ്പിക്കുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുക എന്നിവ ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും.

ദേശീയ ഗാനത്തിന്റെ ആലാപനവുമായി ബന്ധപ്പെട്ട വ്യവസ്ഥകളിലും പതാകയുടെ ഔദ്യോഗിക മാനദണ്ഡങ്ങളിലും വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയ ഗാനത്തെ വാക്കുകളിലൂടെയോ എഴുത്തിലൂടെയോ ആംഗ്യങ്ങളിലൂടെയോ മാറ്റം വരുത്തുന്നതിലൂടെയോ അപമാനിക്കാന്‍ ശ്രമിച്ചാലും മൂന്ന് മാസം മുതല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും. പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ റോയല്‍ ഡിക്രി പ്രകാരമുള്ള പുതിയ നിയമങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതുണ്ട്.

Tags