ഒമാന്റെ വാണിജ്യ സാധ്യതകള്‍ ലോകത്തിന് മുന്നിലേക്ക്: 'ഇന്‍സ്പയര്‍ ഒമാന്‍' രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
ഒമാന്‍ സുല്‍ത്താനേറ്റിന്റെ ആഗോള വാണിജ്യ-നിക്ഷേപ സാധ്യതകള്‍ ലോകത്തിന് മുന്നില്‍ തുറന്നിടുന്ന 'ഇന്‍സ്പയര്‍ ഒമാന്‍' ഗ്ലോബല്‍ സമ്മിറ്റിന്റെ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ആഗോള ബിസിനസ് ലോകത്തിന്റെ സംഗമവേദിയാകുന്ന ഈ ഉച്ചകോടി ഒക്ടോബര്‍ 14-ന് ഒമാന്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലാണ് നടക്കുന്നത്. ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ബിസിനസ് വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.
സുസ്ഥിര സമ്പദ്വ്യവസ്ഥ, പുനരുപയോഗ ഊര്‍ജ്ജ മേഖല, ഇന്ത്യ-ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ തുടങ്ങിയ നിര്‍ണായക വിഷയങ്ങളെ ആസ്പദമാക്കിയാണ് സമ്മിറ്റിലെ പാനല്‍ ചര്‍ച്ചകളും വിശകലനങ്ങളും നടക്കുന്നത്. ഒമാനിലെയും ഇന്ത്യയിലെയും കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍, ബിസിനസ് രംഗത്തെ പ്രമുഖര്‍, നയരൂപകര്‍ത്താക്കള്‍, ലോകപ്രശസ്തരായ ബിസിനസ് പരിശീലകര്‍ എന്നിവര്‍ ഉച്ചകോടിയില്‍ സംസാരിക്കും. പുതിയ നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും ബിസിനസ് ശൃംഖല വിപുലീകരിക്കാനും അറിവുകള്‍ പങ്കുവെക്കാനുമുള്ള മികച്ചൊരവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്.
.jpg)

