അടിസ്ഥാന സൗകര്യ വികസനം തുണച്ചു; കുറഞ്ഞ ഗതാഗതക്കുരുക്കുള്ള രണ്ടാമത്തെ ഗൾഫ് നഗരമായി ദോഹ

Doha

ദോഹ: ഗൾഫ് മേഖലയിലെയും പശ്ചിമേഷ്യയിലെയും ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരങ്ങളുടെ പട്ടികയിൽ ഖത്തർ തലസ്ഥാനമായ ദോഹ രണ്ടാം സ്ഥാനത്തെത്തി. ജീവിതനിലവാര സൂചികകൾ വിശകലനം ചെയ്യുന്ന ഓൺലൈൻ ഡാറ്റാബേസായ 'നംബിയോ' പുറത്തുവിട്ട 2026-ലെ ട്രാഫിക് ഇൻഡക്സ് റിപ്പോർട്ടിലാണ് ഈ നേട്ടം. 135.1 എന്ന പോയിന്റോടെയാണ് ദോഹ പട്ടികയിൽ മുൻനിരയിൽ സ്ഥാനം പിടിച്ചത്.

tRootC1469263">

ഗൾഫ് രാജ്യങ്ങളുടെ തലസ്ഥാനങ്ങളിൽ, ഒമാന്റെ തലസ്ഥാനമായ മസ്‌കത്താണ് ഏറ്റവും കുറഞ്ഞ ഗതാഗതക്കുരുക്കുള്ള നഗരം. ഒമാന് തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്താണ് ഖത്തർ. അബൂദബി (യു.എ.ഇ), മനാമ (ബഹ്‌റൈൻ), കുവൈത്ത് സിറ്റി (കുവൈത്ത്), റിയാദ് (സൗദി അറേബ്യ) എന്നീ നഗരങ്ങളാണ് യഥാക്രമം തുടർന്നുള്ള സ്ഥാനങ്ങളിലുള്ളത്. രാജ്യങ്ങളുടെ അടിസ്ഥാനത്തിലുള്ള റാങ്കിംഗിലും ഒമാന് പിന്നിലായി ഖത്തർ രണ്ടാം സ്ഥാനത്താണ്.

ഖത്തറിൻറെ നാഷണൽ ഡെവലപ്‌മെന്റ് സ്ട്രാറ്റജിയുടെ ഭാഗമായി ഗതാഗത മേഖലയിൽ നടപ്പിലാക്കിയ വിപുലമായ വികസന പ്രവർത്തനങ്ങളാണ് ഈ നേട്ടത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അത്യാധുനികവും സുസ്ഥിരവുമായ ഗതാഗത സംവിധാനങ്ങളെ പ്രോത്സാഹിപ്പിച്ചതും കാര്യക്ഷമമായി പ്രയോജനപ്പെടുത്തിയതും രാജ്യത്തെ ഗതാഗത മേഖലയിൽ നേട്ടം കൈവരിക്കുന്നതിന് കാരണമായി. സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 2024-ന്റെ ആദ്യ പാദത്തിൽ തന്നെ പൊതുഗതാഗത മേഖലയിൽ 73 ശതമാനം ബസുകളും ഇലക്ട്രിക് ആക്കി മാറ്റിയിരുന്നു. ഇത് 2030-ഓടെ നൂറ് ശതമാനത്തിലെത്തിക്കാനാണ് ഖത്തർ ലക്ഷ്യമിടുന്നത്. കൂടാതെ, യാത്രക്കാർക്ക് മികച്ച സേവനം നൽകുന്ന ദോഹ മെട്രോ സംവിധാനവും രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നുണ്ട്.

Tags