സഹപ്രവർത്തകൻ 'ആന്റി' എന്ന് വിളിച്ചു;യുകെയിൽ പരാതി നൽകിയ ഇന്ത്യൻ യുവതിക്ക് 1.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്
യുകെയിൽ ഇന്ത്യൻ വംശജയായ നഴ്സിനെ സഹപ്രവർത്തകൻ 'ആന്റി' എന്ന് ആവർത്തിച്ച് വിളിച്ചതിനെതിരെ നൽകിയ പരാതിയിൽ ട്രൈബ്യൂണൽ നഷ്ടപരിഹാരം വിധിച്ചു. തൊഴിലിടത്തെ പീഡനമായി കണ്ട കോടതി, പരാതിക്കാരിയായ ഇൽഡ എസ്റ്റെവ്സിന് 1.8 ലക്ഷം രൂപയോളം നൽകാൻ ഉത്തരവിടുകയായിരുന്നു.
ലണ്ടൻ: യുകെയിൽ ഇന്ത്യൻ വംശജയായ നഴ്സിനെ 'ആന്റി' എന്ന് വിളിച്ചതിനെതിരെ നൽകിയ പരാതിയിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് ട്രൈബ്യൂണൽ. വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിലെ ഹെൽത്ത് കെയർ അസിസ്റ്റന്റായ ഇൽഡ എസ്റ്റെവ്സിനാണ് (64) പരാതി നൽകിയത്. 1,425 പൗണ്ട് (ഏകദേശം 1.8 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാനാണ് ട്രൈബ്യൂണൽ ഉത്തരവ്.
തൊഴിലിട പീഡനക്കേസിലാണ് നിർണായക വിധി പുറപ്പെടുവിച്ചു. തന്‍റെ എതിർപ്പ് അവഗണിച്ച് സ്റ്റാഫ് നഴ്സായ ചാൾസ് ഒപ്പോംഗ് എന്ന സഹപ്രവർത്തകൻ ആവർത്തിച്ച് 'ആന്‍റി' എന്ന് വിളിച്ചതായി ഇൽഡ കോടതിയിൽ പറഞ്ഞു. ചില സംസ്കാരങ്ങളിൽ ബഹുമാനസൂചകമായി ഈ വാക്ക് ഉപയോഗിക്കാറുണ്ടെങ്കിലും, ഒരു തൊഴിലിടത്തിൽ ഇത് തന്നെ അവഹേളിക്കുന്നതായും വിവേചനപരമായ പെരുമാറ്റമാണെന്നും ഇൽഡ വാദിച്ചു.
കൂടാതെ, മറ്റൊരു മുതിർന്ന ജീവനക്കാരനുമായി തന്നെ ചേർത്ത് വ്യക്തിപരമായ പരാമർശങ്ങൾ നടത്തിയതായും ഇൽഡ പരാതിപ്പെട്ടു. 2023 ജൂണിലായിരുന്നു ഈ സംഭവങ്ങൾ നടന്നത്. വാറ്റ്ഫോർഡ് എംപ്ലോയ്‌മെന്റ് ട്രിബ്യൂണൽ ജഡ്ജി അലിയോട്ട്, ഇൽഡയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി നഷ്ടപരിഹാരം വിധിക്കുകയായിരുന്നു. ഓഫീസ് ഇടനാഴികളിലും ഷിഫ്റ്റ് കൈമാറ്റ സമയത്തും ഇത്തരം പരാമർശങ്ങൾ നടത്തുന്നത് തൊഴിലിടത്തെ അന്തരീക്ഷത്തെ മോശമായി ബാധിക്കുമെന്ന് കോടതി നിരീക്ഷിച്ചു. ടീമിനെ നയിക്കുന്ന ഒരു സ്റ്റാഫ് നഴ്സ് എന്ന നിലയിൽ ചാൾസ് ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. ചാൾസ് ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, അദ്ദേഹം ഇൽഡയെ പലതവണ 'ആന്റി' എന്ന് വിളിച്ചിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് മാനസിക വിഷമമുണ്ടാക്കിയതിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടത്. എന്നാൽ ഇൽഡയുടെ മറ്റ് ചില വാദങ്ങൾ കോടതി തള്ളുകയും ചെയ്തു.
.jpg)

