ലഗേജിൽ 5 രൂപയുടെ ഖൈനി പാക്കറ്റ്; ബഹ്‌റൈനിൽ ഇന്ത്യൻ പ്രവാസിക്ക് 18 ലക്ഷം രൂപ പിഴയും 18 ദിവസത്തെ തടവും

Indian expatriate fined Rs 18 lakh and jailed for 18 days in Bahrain for carrying Rs 5 worth of drugs in his luggage

മനാമ: ലഗേജിൽ അഞ്ചു രൂപ വിലയുള്ള ഖൈനി (പുകയില ഉൽപ്പന്നം) പാക്കറ്റ് കണ്ടെത്തിയതിനെ തുടർന്ന് ബഹ്‌റൈനിൽ ഇന്ത്യൻ പ്രവാസിക്ക് 18 ലക്ഷം രൂപയോളം പിഴയും 18 ദിവസത്തെ കസ്റ്റഡി വാസവും. ഉത്തർപ്രദേശിലെ അസംഗഢ് സ്വദേശിയും സൗദി അറേബ്യയിൽ ഡ്രൈവറുമായ സൗരഭ് റായിക്കാണ് (35) ഈ ദുരനുഭവം ഉണ്ടായത്.ഒക്ടോബർ 29-ന് മുംബൈയിൽ നിന്ന് ടൂറിസ്റ്റ് വിസയിൽ ബഹ്‌റൈൻ വിമാനത്താവളത്തിലെത്തിയ സൗരഭിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവെക്കുകയായിരുന്നു. ബാഗിൽ നിന്ന് ഖൈനിയും ചുണ്ണാമ്പും അടങ്ങിയ ചെറിയ പാക്കറ്റ് കണ്ടെത്തിയതോടെ കള്ളക്കടത്ത് സംശയിച്ച അധികൃതർ ഇയാളെ ബഹ്‌റൈൻ പൊലീസിനും ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡയറക്ടറേറ്റിനും കൈമാറി. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വ്യക്തിഗത വസ്തുക്കളും പിടിച്ചെടുത്തു. പുകയില രാജ്യത്തേക്ക് കടത്താനോ വിൽക്കാനോ പദ്ധതിയുണ്ടായിരുന്നോ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദ്യം ചെയ്തു.

മൂന്നാഴ്ചയോളം പുതപ്പോ തണുപ്പിനെ പ്രതിരോധിക്കാനുള്ള വസ്ത്രങ്ങളോ നൽകാതെ എയർ കണ്ടീഷൻ ചെയ്ത മുറിയിൽ പാർപ്പിച്ചതോടെ തന്റെ ആരോഗ്യനില മോശമായതായി സൗരഭ് പറഞ്ഞു. പിഴയടയ്ക്കുകയോ ജയിൽശിക്ഷ അനുഭവിക്കുകയോ ചെയ്യണമെന്നായിരുന്നു അധികൃതരുടെ നിർദ്ദേശം. ബഹ്‌റൈനിലെത്തിയ ശേഷം സൗരഭിനെ ബന്ധപ്പെടാൻ കഴിയാതായതോടെ സഹോദരൻ ഋഷഭ് നവംബർ 12-ന് അസംഗഢ് ജില്ലാ ഭരണകൂടത്തെയും പൊലീസ് സൂപ്രണ്ടിനെയും സമീപിച്ചു. തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടൽ തേടി പൊലീസ് കത്തയച്ചു. ബഹ്‌റൈനിലെ പരിചയക്കാരുടെ സഹായത്തോടെ കുടുംബം അഭിഭാഷകനെ ഏർപ്പെടുത്തുകയും, പിഴയും നിയമനടപടികൾക്കുള്ള ചെലവും ഉൾപ്പെടെ 7,200 ബഹ്‌റൈൻ ദിനാർ (ഏകദേശം 17.8 ലക്ഷം രൂപ) അടച്ച് നവംബർ 18-ന് സൗരഭിനെ മോചിപ്പിക്കുകയുമായിരുന്നു.

മോചിതനായ ശേഷം സൗദി അറേബ്യയിലെത്തിയ സൗരഭ്, അവിടെനിന്ന് വിമാനമാർഗം ചെന്നൈ വഴി ഡൽഹിയിലെത്തുകയും നവംബർ 21-ന് നാട്ടിൽ തിരിച്ചെത്തുകയും ചെയ്തു. കസ്റ്റഡിക്കാലത്തെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മലേറിയ, ടൈഫോയ്ഡ് രോഗങ്ങൾ ബാധിച്ച ഇയാൾ നിലവിൽ നാട്ടിൽ ചികിത്സയിലാണ്.

Tags