അഗ്‌നിശമന, രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇരുമ്പുവേലികള്‍ സ്ഥാപിച്ചാല്‍ വന്‍ തുക പിഴ

window

രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇരുമ്പുവേലികള്‍ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി.

കെട്ടിടങ്ങളുടെ മുകളിലത്തെ നിലകളിലെ ജനലുകളില്‍ അഗ്‌നിശമന, രക്ഷാപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ഇരുമ്പുവേലികള്‍ സ്ഥാപിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി. ഇത്തരം നിയമലംഘനങ്ങള്‍ക്ക് 30,000 ദിര്‍ഹം വരെ പിഴ ചുമത്താമെന്ന് അബുദാബി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

യുഎഇയിലെ സിവില്‍ ഡിഫന്‍സ് സേവനങ്ങളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്ന 2012ലെ കാബിനറ്റ് പ്രമേയം നമ്പര്‍ 24 അടിസ്ഥാനമാക്കിയുള്ള ക്ലോസ് 67 പ്രകാരമാണ് നടപടി. ഗ്രൗണ്ട് ഫ്‌ലോറിന് മുകളിലുള്ള നിലകളിലെ ജനലുകളിലേക്കുള്ള പുറത്തു നിന്നുമുള്ള പ്രവേശനം ഇരുമ്പുവേലികളോ മറ്റ് തടസ്സങ്ങളോ ഉപയോഗിച്ച് തടയുന്ന കെട്ടിടങ്ങളെയാണ് നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളും അഗ്‌നിശമന പ്രവര്‍ത്തനങ്ങളും നടത്താനും ഇത്തരം തടസ്സങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കാം എന്നും അധികൃതര്‍ വ്യക്തമാക്കി. നിലവിലുള്ള കെട്ടിടങ്ങള്‍ക്കും നിര്‍മാണത്തിലിരിക്കുന്ന കെട്ടിടങ്ങള്‍ക്കും ഈ വ്യവസ്ഥ ബാധകമാണ്. എന്നാല്‍ സ്വതന്ത്ര സ്വകാര്യ വീടുകളെയും റെസിഡന്‍ഷ്യല്‍ വീടുകളെയും ഈ പ്രത്യേക വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Tags