സൗദി വിമാനത്താവളങ്ങള്‍ക്ക് നേരെയുണ്ടായ ഹൂതി ആക്രമണം; അപലപിച്ച് ഒമാന്‍

oman

ജനവാസ കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഒമാന്‍. സാധാരണക്കാര്‍ക്ക് ഭീഷണിയാകുന്ന ഇത്തരം നടപടികള്‍ മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുമെന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ജനവാസ കേന്ദ്രങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

സംഘര്‍ഷം കൂടുതല്‍ വഷളാകാതിരിക്കാന്‍ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്നും വിവേകത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഒമാന്‍ ആവശ്യപ്പെട്ടു. കൂടാതെ സൗദി അറേബ്യയോടുള്ള പൂര്‍ണ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ഒമാന്‍, കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് പറയുകയും ചെയ്തു.

ഒക്ടോബര്‍ ആറ്, ഏഴ് തീയതികളിലാണ് സൗദിയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും അബഹ വിമാനത്താവളത്തിനും നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 36 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി സൗദി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. 

Tags