റിയാദിലെ സാമ്പത്തിക മേഖലയിലുള്ള കെട്ടിടത്തിന് നേരെ ഹൂതി ആക്രമണം

saudi

സൗദി അറേബ്യയുടെ പരമാധികാര സമ്പത്തികനിധിയായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്ഥാനമായ കെട്ടിടത്തിനാണ് കേടുപാടുകള്‍ സംഭവിച്ചത്.

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ സാമ്പത്തിക മേഖലയിലുള്ള കെട്ടിടത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചതായി സ്ഥിരീകരിച്ച് സൗദി അറേബ്യ അറിയിച്ചു. ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഹൂതികള്‍ തൊടുത്തുവിട്ട മിസൈലുകള്‍ സൗദി നേതൃത്വത്തിലുള്ള സഖ്യസേന പ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് തകര്‍ത്തതായും അധികൃതര്‍ വ്യക്തമാക്കി.

സൗദി അറേബ്യയുടെ പരമാധികാര സമ്പത്തികനിധിയായ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ ആസ്ഥാനമായ കെട്ടിടത്തിനാണ് കേടുപാടുകള്‍ സംഭവിച്ചത്. റിയാദിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം കൂടിയാണിത്. സൗദി ഔദ്യോഗിക മാധ്യമങ്ങള്‍ പുറത്തുവിട്ട ചിത്രങ്ങളിലാണ് കെട്ടിടം തിരിച്ചറിഞ്ഞത്.

ഹൂതി ആക്രമണത്തില്‍ കെട്ടിടത്തിനും സമീപത്തെ മറ്റ് കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി വ്യാഴാഴ്ചയാണ് സൗദി സിവില്‍ ഡിഫന്‍സ് ഏജന്‍സി അറിയിച്ചത്. അതേസമയം, റിയാദിന് നേരെ തൊടുത്തുവിട്ട മിസൈലുകള്‍ സഖ്യസേന നേരത്തെ തന്നെ തടഞ്ഞതായി അറിയിച്ചിരുന്നു. തലസ്ഥാനത്ത് വലിയ സ്‌ഫോടനശബ്ദം കേട്ടതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Tags