വീട്ടുവാടകയും യാത്രാച്ചെലവും ഉയര്‍ന്നു; സൗദിയില്‍ പണപ്പെരുപ്പം 1.9 ശതമാനമായി

Saudi

പാര്‍പ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ചെലവുകളില്‍ രേഖപ്പെടുത്തിയ 3.6 ശതമാനം വര്‍ധനവാണ് പ്രധാനമായും വിലക്കയറ്റത്തിന് വഴിയൊരുക്കിയത്.

സൗദി അറേബ്യയിലെ വാര്‍ഷിക പണപ്പെരുപ്പ നിരക്ക് സെപ്റ്റംബറില്‍ 1.9 ശതമാനമായി ഉയര്‍ന്നു. ആഗസ്റ്റില്‍ 1.8 ശതമാനമായിരുന്ന നിരക്കിലാണ് നേരിയ വര്‍ധവുണ്ടായത്. ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഉപഭോക്തൃ വിലസൂചിക 105.8 പോയിന്റിലെത്തി. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 103. 8 പോയിന്റായിരുന്നു.

പാര്‍പ്പിടം, വെള്ളം, വൈദ്യുതി, ഗ്യാസ് തുടങ്ങിയ വിഭാഗങ്ങളിലെ ചെലവുകളില്‍ രേഖപ്പെടുത്തിയ 3.6 ശതമാനം വര്‍ധനവാണ് പ്രധാനമായും വിലക്കയറ്റത്തിന് വഴിയൊരുക്കിയത്. വീട്ടുവാടകയില്‍ മാത്രം 3.5 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. ഇതിന് പുറമെ ഭക്ഷ്യ-പാനീയ വിലയില്‍ 1.4 ശതമാനവും യാത്രാച്ചെലവില്‍ 2.3 ശതമാനവും വര്‍ധനവുണ്ടായിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രവിശ്യകളില്‍ പണപ്പെരുപ്പ നിരക്കില്‍ പ്രകടമായ വ്യത്യാസങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
മക്ക, കിഴക്കന്‍ പ്രവിശ്യ, അസീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വാര്‍ഷിക പണപ്പെരുപ്പം ഉയര്‍ന്നപ്പോള്‍ ചില മേഖലകളില്‍ വിലക്കയറ്റം കുറയുകയോ മാറ്റമില്ലാതെ തുടരുകയോ ചെയ്തു. അല്‍ ജൗഫിലാണ് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. ഇത് ഏകദേശം 4.2 ശതമാനമാണ്. വടക്കന്‍ അതിര്‍ത്തി പ്രവിശ്യയില്‍ 3.6 ശതമാനമാണ് പണപ്പെരുപ്പം. എന്നാല്‍ ഖസീമില്‍ മൈനസ് 1.3 ശതമാനം എന്ന നിലയില്‍ വിലക്കുറവ് രേഖപ്പെടുത്തി.

Tags